Join News @ Iritty Whats App Group

ഇന്ത്യന്‍ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ അഭിമാനമെന്ന് മോദി; ഗംഭീരമായ പ്രകടനമെന്ന് രാഹുല്‍ ഗാന്ധി; ടി20 കിരീട നേടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷവും


2024 ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. കിരീടനേട്ടം ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഭിമാനമാണെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയുടെ രണ്ടാം വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായക മികവിനെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലക മികവിനെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.

2024 ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചു. രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകും. ഈ സന്തോഷത്തില്‍ ഹൃദയപൂര്‍വ്വം പങ്കു ചേരുന്നുവെന്ന് പിണറായി പറഞ്ഞു.

ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 ല്‍ അവസാനിച്ചു.

അവസാന ഓവറില്‍ 16 റണ്‍സ് പ്രതിരോധിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ജസ്പ്രീത് ബുംറയുടെയും അര്‍ഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തില്‍നിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് മൂന്നും ബുംറ അര്‍ഷ്ദീപ് എന്നിവര്‍ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 27 ബോളില്‍ 5 സിക്സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 52 റണ്‍സെടുത്തു. ക്വിന്റണ്‍ ഡി കോക്ക് 31 ബോളില്‍ 39 ഉം സ്റ്റബ്സ് 21 ബോളില്‍ 31 റണ്‍സും എടുത്തു.

നേരത്തേ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 176 റണ്‍സെടുത്തത്. വിരാട് കോഹ്ലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിംഗ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group