Join News @ Iritty Whats App Group

ഉത്തര്‍ പ്രദേശ് ഫലം 2024: ബിജെപി കോട്ട തകര്‍ത്ത് രാഹുല്‍-അഖിലേഷ് കൂട്ടുകെട്ട്, ഇന്ത്യാസഖ്യം മുന്നില്‍


ലഖ്‌നൗ: ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപിയും എന്‍ഡിഎയും. സംസ്ഥാനത്ത് ബിജെപി കോട്ടകളില്‍ എല്ലാം വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഇന്ത്യാ സഖ്യം വിശിഷ്യാ എസ്പി-കോണ്‍ഗ്രസ് കൂട്ടുകെട്ട് മുന്നേറുകയാണ്. 80 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. വോട്ടെണ്ണലിന്റെ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ പകുതിയിലേറെ സീറ്റുകളില്‍ ഇന്ത്യാ സഖ്യമാണ് മുന്നില്‍.

42 സീറ്റുകളില്‍ ഇന്ത്യാ സഖ്യവും 36 സീറ്റുകളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. എസ്പി 36 സീറ്റിലും കോണ്‍ഗ്രസ് ആറ് സീറ്റിലും ബിജെപി 34 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 2019 ല്‍ സംസ്ഥാനത്ത് 62 സീറ്റുകളാണ് ബി ജെ പി നേടിയത്. സമാജ്വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റും. ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ എല്ലാം വ്യക്തമായ മേധാവിത്വം ഇന്ത്യ സഖ്യത്തിനുണ്ട്.

വാരണാസിയില്‍ നരേന്ദ്രമോദി, ലഖ്നൗവില്‍ രാജ്നാഥ് സിംഗ്, കനൗജില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, മെയിന്‍പുരിയില്‍ അദ്ദേഹത്തിന്റെ ഭാര്യ ഡിംപിള്‍ യാദവ്, റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ ഗാന്ധി, കിഷോരി ലാല്‍ ശര്‍മ്മ എന്നിവര്‍ മുന്നിലാണ്. അമേഠിയില്‍ സ്മൃതി ഇറാനി 20000 ത്തിലേറെ വോട്ടിന് പിന്നിലാണ്.

അതേസമയം മീററ്റ്, മഥുര സീറ്റുകളില്‍ യഥാക്രമം ബിജെപിയുടെ അരുണ്‍ ഗോവിലും ഹേമ മാലിനിയും എതിരാളികളേക്കാള്‍ മുന്നിലാണ്. മുന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗ് കൈസര്‍ഗഞ്ചില്‍ എസ്പിയുടെ ഭഗത് റാമിനെക്കാള്‍ 40,449 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. അയോധ്യയിലെ ഫൈസാബാദ് മണ്ഡലത്തില്‍ എസ്പിയുടെ അവധേഷ് പ്രസാദിനെതിരെ ബിജെപിയുടെ ലല്ലു സിംഗ് 5,326 വോട്ടുകള്‍ക്ക് പിന്നിലാണ്.


അതിനിടെ സംസ്ഥാനത്ത് ഒറ്റക്ക് മത്സരിക്കുന്ന ബിഎസ്പി ചിത്രത്തിലേയില്ല എന്നാണ് ഫലസൂചനകള്‍ കാണിക്കുന്നത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി 62 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും ആണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബിജെപി അതിന്റെ പഴയ സഖ്യകക്ഷിയായ അപ്നാ ദള്‍, ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി ഒപി രാജ്ഭറിന്റെ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവര്‍ക്കൊപ്പമാണ് മത്സരിച്ചത്.

എക്സിറ്റ് പോളുകള്‍ നേരത്തെ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്നുവെങ്കിലും ഇന്ത്യാ ബ്ലോക്ക് നേതാക്കള്‍ ഈ പ്രവചനങ്ങള്‍ തള്ളിയിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പാടെ തള്ളിക്കൊണ്ടുള്ള ഫലങ്ങളാണ് യുപിയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group