ഫ്ലോറിഡ: സാലഡിനായി വെള്ളരിക്ക ഉപയോഗിച്ചതിന് പിന്നാലെ സാൽമൊണല്ല ബാക്ടീരിയ ബാധാ ലക്ഷണങ്ങളോട് 162 പേർ ചികിത്സ തേടിയതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത വെള്ളരിക്ക തിരികെ വിളിച്ചിരിക്കുകയാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഫ്ളോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള വെള്ളരിക്കയാണ് വില്ലനായത്.
സാൽമൊണല്ല ആഫ്രിക്കാന എന്ന ബാക്ടീരിയയുടെ അണുബാധയാണ് തിരിച്ചറിയാൻ സാധിച്ചതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശദമാക്കുന്നത്. കൊളംബിയയിലെ 25 ജില്ലകളിലും വെള്ളരിക്കയിൽ നിന്നുള്ള സാൽമൊണല്ല അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തുണ്ടാവുന്ന ഭക്ഷ്യ വിഷബാധകളിൽ 80 ലേറെ ശതമാനത്തിനും കാരണക്കാരനായ ബാക്ടീരിയ സാന്നിധ്യമാണ് വിൽപനയ്ക്കെത്തിച്ച വെള്ളരിക്കയിൽ കണ്ടെത്തിയത്.
നിലവിലെ അണുബാധമൂലം ഇതുവരെ ആരും മരണപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. സിഡിസിപിയിൽ നിന്നുള്ള മുന്നറിയിപ്പിന് പിന്നാലെ കൃഷി വകുപ്പാണ് വിതരണത്തിനെത്തിയ വെള്ളരിക്ക തിരികെ വിളിച്ചിരിക്കുന്നത്. പെൻസിൽവാനിയയിലാണ് അണുബാധ ആദ്യം റിപ്പോർട്ട് ചെയ്തത്. അലബാമ, ഫ്ലോറിഡ, ജോർജ്ജിയ, ഇല്ലിനോയിസ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഓഹിയോ, പെനിസിൽവാനിയ, സൌത്ത് കരോലിന, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് അണുബാധ കണ്ടെത്തിയ വെള്ളരിക്ക വിതരണം ചെയ്തിട്ടുള്ളത്.
സാൽമണൊല്ല ബാക്ടീരിയ അണുബാധയുള്ള വെള്ളരിക്ക കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുകയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. അണുബാധ ജീവഹാനിക്ക് വരെ കാരണമാകുന്നതാണെന്നും മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നുണ്ട്
Post a Comment