ചാത്തന്നൂർ: ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി അത്ഭുതം’ കാട്ടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ.കേരളത്തിൽ എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത് രാവിലെ 8.30 മുതൽ 1.30 വരെയാണ്. ഒരു ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് എങ്കിലും വേണ്ടി വരും.
എന്നാൽ ഒരു വാഹനവകുപ്പ് ഉദ്യോഗസ്ഥൻ ഒരു ദിവസം 147 ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തി. അതിൽ നൂറിലധികം പേരെ വിജയികളാക്കി ലൈസൻസ് നല്കി. അതേ ദിവസം അതേസമയംതന്നെ ഈ ഉദ്യോഗസ്ഥൻ മറ്റൊരു ഗ്രൗണ്ടിൽ 50 വാഹനങ്ങളുടെ ടെസ്റ്റ് നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം 38ഹെവി വാഹനങ്ങൾ പരിശോധിച്ച് ലൈസൻസ് നല്കി. കൂടാതെ 16 പേരുടെ ലൈസൻസ് പുതുക്കി കൊടുത്തു. ഒരു ടെസ്റ്റിന് ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വീതമെടുത്താൽ തന്നെ ഇത്രയധികം പേർ വണ്ടി ഓടിക്കുന്നത് പരിശോധിക്കാൻ കഴിയില്ല.കഴിഞ്ഞ ഫെബ്രുവരി 22ന് മലപ്പുറം ജില്ലയിലെ പൊന്നാനി റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ അത്ഭുത പ്രവൃത്തി നടത്തിയതെന്നും അദ്ദേഹത്തിനെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പൊതുജനങ്ങൾക്കായുള്ള വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. അപകടകരമായ ഡ്രൈവിംഗ് കുറയ്ക്കുക, ലൈസൻസിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അച്ചടക്ക ബോധമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തുകയുമാണ് ലക്ഷ്യം.സൈഡ് നല്കാതിരിക്കുക, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്, നിയമവിരുദ്ധമായ പാർക്കിംഗ്, അമിതവേഗതയിലുള്ള ഓവർടേക്കിംഗ് ഇതൊന്നും അനുവദിക്കില്ല പൗരബോധമില്ലാതെയും അഹങ്കാരത്തോടെയുള്ളതുമായ ഡ്രൈവിംഗ് അപകടമുണ്ടാക്കും.
മോട്ടോർ വാഹന നിയമങ്ങൾ പഠിച്ചേ പറ്റു. ഗുണനിലവാരമുള്ള ഡ്രൈവിംഗ് ലൈസൻസ് ആയിരിക്കണം വിതരണം ചെയ്യേണ്ടത്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
Post a Comment