Join News @ Iritty Whats App Group

കുവൈറ്റിലെ ഫ്‌ളാറ്റിലെ തീപിടുത്തം ; മരണമടഞ്ഞ മലയാളികളുടെ എണ്ണം 14 ആയി ; ഒരാളെ കാണാതായെന്നും വിവരം


കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം 14 ആയി. ഒരാളെ കാണാതായി. പത്തനംതിട്ടയില്‍ നാലു പേരും കൊല്ലത്ത് നിന്നും മൂന്ന് പേരും കാസര്‍ഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍ വീതവും കണ്ണൂരില്‍ ഒരാളും മരണമടഞ്ഞതായിട്ടാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റവും അവസാനമായി തിരിച്ചറിഞ്ഞത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി വിശ്വാസ് കൃഷ്ണനെയാണ്. രക്ഷാ ദൗത്യം ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി വീണാജോര്‍ജ്ജ് കുവൈറ്റില്‍ എത്തുന്നുണ്ട്.

ബംഗലുരുവില്‍ ജോലി ചെയ്തു വരികയായിരുന്ന വിശ്വാസ് കൃഷ്ണന്‍ എട്ടു മാസം മുമ്പാണ് കുവൈത്തിലേക്ക് പോയത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അതിനിടയില്‍ ചാവക്കാട് സ്വദേശിയായ ബിനോയ് തോമസ് എന്നയാളെ കാണാതായതായും വിവരമുണ്ട്. ഇയാള്‍ തീപിടുത്ത നടന്ന ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. നാലു ദിവസം മുമ്പാണ് ബിനോയ് തോമസ് കുവൈറ്റില്‍ എത്തിയത്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നുണ്ട്.

തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും. ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group