Join News @ Iritty Whats App Group

തലശ്ശേരി - മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി; ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 110 രൂപ, യാത്രക്കാർക്ക് എതിർപ്പ്



കണ്ണൂർ: തലശേരി - മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നൽകേണ്ടത് 110 രൂപയാണ്. ബൈപാസ് യാത്രയിലെ സൗകര്യങ്ങൾ ഉറപ്പിക്കും മുൻപ് തന്നെ ടോൾ പിരിക്കുന്നതിൽ വിമർശനങ്ങളുയർന്നിരുന്നു. അതിന് പരിഹാരം കാണാതെയാണിപ്പോൾ ടോൾനിരക്ക് കൂട്ടിയത്.

പുതുക്കിയ ടോൾ നിരക്കനുസരിച്ച് കാറുകൾ ഒരു വശത്തേക്ക് നൽകേണ്ടി വരിക 75 രൂപ. ഇരുഭാഗത്തേക്കുമായി നൽകേണ്ടത് 110 രൂപ. മുൻപ് ഈടാക്കിയിരുന്ന ടോൾ നിരക്ക് 65 രൂപയായിരുന്നു. നിലവിൽ 10 രൂപയാണ് കൂട്ടിയത്. വാഹനങ്ങളുടെ പ്രതിമാസ നിരക്കും വർധിക്കും. അൻപത് യാത്രകൾക്ക് 2195 രൂപയിൽ നിന്ന് 2440 രൂപയാവും. എന്നും ഈ പാതയിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു.  

കുറഞ്ഞ ദൂരത്തിന് നൽകിപ്പോന്നത് കൂടുതൽ ടോളെന്ന പരാതി ആദ്യമേ ഉയർന്നിരുന്നു. ബൈപാസ് തുറന്ന് മൂന്ന് മാസം കഴിയുമ്പോഴും ടോൾ ബൂത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമായിട്ടില്ല. ആറു വരിപ്പാത ടോൾ ബൂത്തിലെത്തുമ്പോൾ നാല് വരിയായി ചുരുങ്ങും. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്ന് പോകാനാവട്ടെ പ്രത്യേക ഗേറ്റുകളുമില്ല. സർവീസ് റോഡുകളുടെ പണിയും പൂർത്തിയായിട്ടില്ല. ആകെ മൊത്തം ഇല്ലായ്മകൾ. അതിന് പുറമേയാണിപ്പോൾ ടോൾ നിരക്ക് കൂട്ടൽ. 

ടോൾ അധികൃതരുടെ വിശദീകരണമിങ്ങനെ- "സാധാരണ ഏപ്രിൽ മാസങ്ങളിലാണ് ടോൾ നിരക്ക് കൂട്ടാറുള്ളത്. ഇത്തവണ ഇലക്ഷൻ വന്നതുകൊണ്ടാണ് വൈകിയത്. നേരത്തെ സർക്കുലർ വന്നിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ടോൾ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത്". കാത്തിരുന്ന് കിട്ടിയ ബൈപാസ് യാത്രയിൽ കീശ കാലിയാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

Post a Comment

Previous Post Next Post
Join Our Whats App Group