തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പെയ്യുന്നത് കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാന്‍ നിര്‍ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്.
ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post a Comment