Join News @ Iritty Whats App Group

പേപ്പർ നോക്കിയ അധ്യാപകന്റെ കണക്കുകൂട്ടലിലെ പിഴ; ധ്യാൻ കൃഷ്ണക്ക് നഷ്ടപ്പെട്ടത് ഫുള്‍ എ പ്ലസ്




യ്യന്നൂർ: 17 +23 = 30. ജീവശാസ്ത്രം ഉത്തരക്കടലാസ് നോക്കിയയാള്‍ ഇങ്ങനെ കൂട്ടിയിട്ടപ്പോള്‍ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ധ്യാൻ കൃഷ്ണക്ക് നഷ്ടപ്പെട്ടത് ഫുള്‍ എ പ്ലസ്.

റീ വാല്വേഷനില്‍ നഷ്ടപ്പെട്ട എ പ്ലസ് തിരിച്ചു വന്നുവെങ്കിലും ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പേപ്പർ നോക്കിയ അധ്യാപകന്റെ കണക്കുകൂട്ടലിലെ പിഴയാണ് എ പ്ലസ് വൈകിയെത്താൻ കാരണമെന്ന് മനസിലായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ എം.വി. ഗിരീഷിന്‍റെയും എൻ.വി. പ്രിയയുടെയും മകനാണ് ധ്യാൻ കൃഷ്ണ. ഫുള്‍ എ പ്ലസ് രക്ഷിതാക്കളും അധ്യാപകരും ധ്യാനും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, റിസല്‍ട്ട് വന്നപ്പോള്‍ ഒമ്ബത് എ പ്ലസും ഒരു എയും. എല്ലാ വിഷയങ്ങളും നന്നായി പഠിക്കുന്ന ധ്യാനിന് ഇഷ്ട വിഷയമായ ബയോളജിയില്‍ എ ലഭിച്ചത് ആർക്കും വിശ്വസിക്കാനായില്ല. അങ്ങനെയാണ് റീവാല്വേഷന് അപേക്ഷിക്കുന്നത്. ഒപ്പം 200 രൂപ അധികമടച്ച്‌ ഉത്തരക്കടലാസും ആവശ്യപ്പെട്ടു. പുനഃപരിശോധനയില്‍ ഫുള്‍ എ പ്ലസ് കിട്ടിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചുവെങ്കിലും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചപ്പോഴാണ് കടലാസ് നോക്കിയയാളുടെ കണക്കുപിഴ ബോധ്യപ്പെട്ടത്. 23ഉം 17ഉം കൂട്ടിയിട്ടത് 40ന് പകരം 30 ആയിരുന്നു. ഇതാണ് ബയോളജിയില്‍ എ പ്ലസ് എ ആവാൻ കാരണമായത്.

ഇതിനിടയില്‍ നാട്ടിലാകെ എപ്ലസുകാർക്ക് അനുമോദനവും മറ്റും നടന്നുകഴിഞ്ഞിരുന്നു. വൈകിയെങ്കിലും എ പ്ലസ് ലഭിക്കുകയും നഷ്ടപ്പെട്ടതിന്റെ കാരണം കണ്ടെത്താൻ സാധിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ധ്യാൻ കൃഷ്ണയും കുടുംബവും. സയൻസ് വിഷയമെടുത്ത് പഠിച്ച വിദ്യാലയത്തില്‍ തന്നെ തുടർപഠനം നടത്താനാണ് തീരുമാനമെന്ന് ധ്യാൻ കൃഷ്ണ 'മാധ്യമ'ത്തോടു പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group