മട്ടന്നൂർ: അരികിടിഞ്ഞ് അപകടാവസ്ഥയിലായ മട്ടന്നൂർ പഴശി കനാല്‍ റോഡിന്‍റെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നു. നിർമാണ പ്രവൃത്തി ആരംഭിക്കുകയും നിർത്തിവയ്ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്.
മൂന്ന് ആഴ്ചയോളമായി മുടങ്ങിക്കിടന്ന പ്രവൃത്തി ശനിയാഴ്ചയാണ് വീണ്ടും തുടങ്ങിയത്. തലശേരി റോഡില്‍ നിന്നും കണ്ണൂർ വിമാനത്താവള ഭാഗത്തേക്ക് പോകുന്ന കനാല്‍ റോഡാണ് ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നത്. ഏറെക്കാലമായി നിലച്ചിരുന്ന നിർമാണം ജനുവരിയിലാണ് വീണ്ടും തുടങ്ങിയത്. കനാലില്‍ സുരക്ഷാഭിത്തിയുടെ നിർമാണം പാതി പിന്നിട്ടിട്ടുണ്ട്. മൂന്ന് ആഴ്ച മുമ്ബ് നിർത്തിയ പ്രവൃത്തി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കല്ലൂരിലും തലശേരി റോഡിലുമാണ് കനാല്‍ റോഡുകളുടെ പ്രവൃത്തി തുടങ്ങിയിരുന്നത്. 60 മീറ്റർ നീളത്തില്‍ സുരക്ഷാഭിത്തി നിർമിച്ചാണ് പണി നടത്തേണ്ടത്. 92 ലക്ഷം രൂപ ചെലവഴിച്ചാണ് കാര ഭാഗത്തേക്ക് പോകുന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. കല്ലൂർ ഭാഗത്തെ പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു.
വിമാനത്താവളത്തില്‍ എളുപ്പത്തില്‍ എത്താൻ നിരവധി വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് അരികിടിഞ്ഞ് അപകടാവസ്ഥയിലായത്. റോഡ് പരിചയമില്ലാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാൻ സാധ്യത ഏറെയാണ്. റോഡിനോട് ചേർന്നാണ് കനാലിലേക്ക് മണ്ണിടിഞ്ഞ് താഴ്ന്നിട്ടുള്ളത്. മഴയ്ക്ക് മുമ്ബ് പൂർത്തിയാക്കിയില്ലെങ്കില്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാകും.
കൂടുതല്‍ മണ്ണിടിയുന്നത് തടയാൻ ആദ്യം സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റിടുകയായിരുന്നു. പണി നിലച്ചതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. റോഡിന് വീതി കുറവായതും അപകടസാധ്യത വർധിപ്പിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്ബ് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. കനാലിന്‍റെ അടിഭാഗം മുതലാണ് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നത്. ഇവിടെ മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് ശനിയാഴ്ച ആരംഭിച്ചത്.
Post a Comment