Join News @ Iritty Whats App Group

കണ്ണൂർ ചെറുകുന്ന് കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവർക്ക് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി


ചെറുകുന്ന് പുന്നച്ചേരിയില്‍ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവർക്ക് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി.കാർഓടിച്ചിരുന്ന കാലിച്ചാനടുക്കം ശാസ്‌താംപാറ ശ്രീശൈലത്തില്‍ കെ.എൻ.പദ്മകുമാർ (59), ഒപ്പമുണ്ടായിരുന്ന മണ്ഡപം കമ്മാടത്തെ ചൂരിക്കോട്ട് സുധാകരൻ (49), ഭാര്യ കരിവെള്ളൂർ പുത്തൂർ സ്വദേശിനി അജിത (39), അജിതയുടെ പിതാവ് പുത്തൂരിലെ കൊഴുമ്മല്‍ കൃഷ്‌ണൻ (61), അജിതയുടെ സഹോദരൻ അജിത്തിന്‍റെ മകൻ ആകാശ് (ഒമ്ബത്) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് സിഎ കോഴ്സിന് പഠിക്കുന്ന മകൻ സൗരവിനെ ഹോസ്റ്റലിലാക്കി കുടുംബാംഗങ്ങള്‍ക്കൊപ്പം തിരിച്ചുവരികയായിരുന്നു സുധാകരനും അജിതയും.

പിന്നിലുണ്ടായിരുന്ന മറ്റൊരു ലോറി കാറില്‍ ഇടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറിന്‍റെ ഒരു ഭാഗം ലോറിക്കടിയിലേക്ക് കയറിപ്പോയ നിലയിലായിരുന്നു. നാട്ടുകാരും കണ്ണപുരം പോലീസും അഗ്‌നിരക്ഷാ സേനയും കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

കരിവെള്ളൂർ പുത്തൂർ സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് സുധാകരന്‍റെയും അജിതയുടെയും മൃതദേഹങ്ങള്‍ കമ്മാടത്തേക്ക് കൊണ്ടുവന്നത്. കോടംകല്ല് ജവഹർ വായനശാലയ്ക്കു മുന്നില്‍ പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

അജിതയുടെ പിതാവ് കൃഷ്ണൻ, സഹോദരപുത്രൻ ആകാശ് എന്നിവരുടെ മൃതദേഹങ്ങള്‍ കരിവെള്ളൂർ പുത്തൂരിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്.

കമ്മാടത്തെ പരേതനായ തമ്ബാൻ നായർ- തമ്ബായി അമ്മ ദന്പതികളുടെ മകനായ സുധാകരൻ മണ്ണാട്ടിക്കവലയില്‍ സ്വന്തമായി മില്ല് നടത്തിവരികയായിരുന്നു. നേരത്തേ ഭീമനടിയിലെ ടേസ്റ്റി ഫ്ലവർ മില്ലില്‍ 15 വർഷത്തിലേറെ ജോലിചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാല്‍ യൂണിറ്റംഗമായിരുന്നു. ഭാര്യ അജിത ഹരിത കർമസേന വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. സഹോദരങ്ങള്‍: മോഹനൻ, സുമതി. കമ്മാടം ഭഗവതിക്ഷേത്രം മാതൃസമിതിയിലും കുടുംബശ്രീയിലും സജീവമായിരുന്നു. സൗരവ് ഇവരുടെ ഏക മകനാണ്.

എം.രാജഗോപാലൻ എംഎല്‍എ, മുൻ എംഎല്‍എ കെ.പി.സതീഷ് ചന്ദ്രൻ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹനൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, കുന്നുംകൈ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ.ജോജി ചക്കനാനി എന്നിവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

അപകടത്തില്‍ മരിച്ച കെ.എൻ.പദ്മകുമാറിന്‍റെ മൃതദേഹം സ്വദേശമായ കാലിച്ചാനടുക്കത്ത് പൊതുദർശനത്തിനു ശേഷം മുള്ളേരിയ കാടകത്തെ കുടുംബവീട്ടിലെത്തിച്ച്‌ സംസ്കരിച്ചു. പരേതനായ ആർ.നാരായണപിള്ളയുടെയും പദ്മിനിയുടെയും മകനാണ്. ഭാര്യ: രാധാമണി. മക്കള്‍: ശൈലനാഥ്, ശൈലശ്രീ. സഹോദരങ്ങള്‍: ഗീതാമണി (വെളിയന്നൂർ, കൂത്താട്ടുകുളം), ബിന്ദു എൻ.നായർ (കാലിച്ചാനടുക്കം).

Post a Comment

Previous Post Next Post
Join Our Whats App Group