Join News @ Iritty Whats App Group

ഇതാണ് ഇന്ത്യ! മുസ്ലീങ്ങൾ സൗജന്യമായി നൽകിയ ഭൂമിയിൽ ഗണേശ ക്ഷേത്രം, തമിഴ്നാട്ടിൽ നിന്നൊരു മതസൗഹാർദത്തിന്‍റെ കഥ

ചെന്നൈ: വെറുപ്പിനെയും വിദ്വേഷത്തെയും പടിക്കുപുറത്തു നിര്‍ത്തി ഒരുമയുടെയും സ്നേഹത്തിന്‍റെയും പാഠം പകര്‍ന്നു നല്‍കുകയാണ് തമിഴ്നാട്ടിലെ ഒറ്റപ്പാളയത്തെ ഗ്രാമീണര്‍. മുസ്ലീങ്ങള്‍ സൗജന്യമായി നല്‍കിയ ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചുകൊണ്ടാണിവര്‍ മതസൗഹാര്‍ദത്തിന്‍റെ സന്ദേശം പകര്‍ന്നുനല്‍കുന്നത്. മുസ്ലീം സഹോദരന്മാരെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്.

തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ ഒറ്റപ്പാളയം ഗ്രാമത്തിലാണ് സംഭവം. വെറുപ്പിനും വിദ്വേഷത്തിനും ഇവിടെ ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് ഗ്രാമീണര്‍ ഇവിടെ ക്ഷേത്രം പണിതുയര്‍ത്തിയത്. ഗണശേ ക്ഷേത്രത്തിനായി സ്ഥലം ലഭിക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്നറിഞ്ഞപ്പോള്‍ അവിടത്തെ മുസ്ലീം സഹോദരങ്ങള്‍ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

ആര്‍എംജെ റോസ് ഗാര്‍ഡൻ മുസ്ലീം ജമാഅത്തിന്‍റെ പേരിലുണ്ടായിരുന്ന മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. തുടര്‍ന്നാണ് ഈ സ്ഥലത്ത് ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. ആറു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള സ്ഥലത്ത് ഗണേശ ക്ഷേത്രം ഉയർന്നപ്പോൾ പ്രതിഷ്ടാചടങ്ങിൽ വീശിഷ്ടാതിഥികളായും അവർ തന്നെ എത്തി. പരമ്പരാഗത രീതിയിൽ ഏഴു തരം പഴങ്ങളുമായി എത്തിയ മുസ്‌ലിം സഹോദരങ്ങളെ വാദ്യ മേളങ്ങളോടെയാണ് ഹൈന്ദവ സമൂഹം സ്വീകരിച്ചത്.സ്വീകരിച്ചു ഹൈന്ദവ സമൂഹം

ഇവര്‍ ചെയ്ത നല്ല പ്രവൃത്തി ലോകം മുഴുവൻ ചർച്ചയാകുമെന്നും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നേര്‍സാക്ഷ്യമാണിതെന്നുമാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരൊറ്റ ജനതയുടെ ഇന്ത്യയാണിതെന്ന് മാത്രമാണ് ഒറ്റപ്പാളയത്തെ മനുഷ്യര്‍ക്ക് പറയാനുള്ളത്. മതസൗഹാര്‍ദത്തിന്‍റെ സന്ദേശമായി ഒറ്റപ്പാളയത്തെ ഗണേശക്ഷേത്രം എന്നും നിലകൊള്ളും.

Post a Comment

Previous Post Next Post
Join Our Whats App Group