കൊച്ചി: നാടൻപ്പാട്ട് ഗായികയും മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ആര്യാ ശിവജിയുടെ മരണത്തിൽ കാരണം അറിയാതെ കുടുംബവും സുഹൃത്തുക്കളും. ആത്മഹത്യ കുറിപ്പ് ഇല്ലാതെയാണ് ആര്യാ കുമ്പളങ്ങിയിലെ വീട്ടിൽ തൂങ്ങി മരിച്ചത്. പോസ്റ്റുമോർട്ടം പൂർത്തിയായ മൃതദേഹം ഇന്നലെ വൈകീട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തിൽ സംസ്കരിച്ചു. മരണകാരണത്തിൽ അന്വേഷണം തുടങ്ങിയെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നാടൻപ്പാട്ട് ഗായികയായിരുന്നു ആര്യ.
ചന്തിരൂര്‍ മായ നാടൻപാട്ട് സംഘത്തിലെ ഗായികയായ ആര്യക്ക് 20 വയസ് മാത്രമാണ് പ്രായം. മഹാരാജാസ് കോളേജിലെ ബി എ മലയാളം രണ്ടാംവർഷ വിദ്യാർത്ഥിയായ ആര്യ കുരുത്തോല കൊണ്ട് ശില്പങ്ങൾ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ആര്യ സാന്നിധ്യമറിയിച്ചിരുന്നു. ആരോടും ഒരുവാക്കും പറയാതെ, എന്ത് സങ്കടത്തിലാണ് ആര്യ സ്വന്തം ജീവനെടുത്തതെന്ന ചോദ്യത്തിന് ഉത്തരമറിയാതെ വിഷമിക്കുകയാണ് വീട്ടുകാരും സുഹൃത്തുക്കളും. അച്ഛമ്മയും വല്യമ്മയും പുറത്ത് ഉള്ളപ്പോഴാണ് കുമ്പളങ്ങിയിലെ വീട്ടിലെ മുറിയിൽ കയറി വാതിലടച്ച് ആര്യ തൂങ്ങി മരിച്ചത്.
മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കുടുംബത്തിലോ സുഹൃത്തുക്കളോടെ അദ്ധ്യാപകരോടോ ആര്യ പറഞ്ഞിരുന്നില്ല. ആത്മഹത്യക്ക് മുൻപ് കോളേജിലെയും നാടൻപാട്ട് സംഘങ്ങളുടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ആര്യ എക്സിറ്റ് അടിച്ചു, പിന്നാലെ ജീവിതത്തിൽ നിന്നും. മഹാരാജാസ് കോളേജിൽ പ്രവേശനം നേടിയെങ്കിലും ക്ലാസിൽ ഹാജർ നില കുറവായിരുന്നു ആര്യക്ക്. രണ്ട് സെമസ്റ്ററിൽ ഫീസടച്ചാണ് പരീക്ഷ എഴുതാൻ അനുമതി നേടിയത്. എന്നാൽ കഴിഞ്ഞ മാസം നടന്ന പരീക്ഷയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് ആര്യ ഹാജരായിരുന്നില്ല. ആര്യയുടെ ഫോൺ പരിശോധിക്കാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു.
Post a Comment