പാറ്റ്ന: പാറ്റ്നയിൽ കോളേജ് കാമ്പസിൽ 22 കാരനായ വിദ്യാർത്ഥിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ചന്ദൻ യാദവ് ആണ് കേസിൽ അറസ്റ്റിലായത്. ബിഎൻ കോളേജിലെ വൊക്കേഷണൽ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഹർഷ് രാജ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. പരീക്ഷയെഴുതാൻ കോളേജിൽ എത്തിയപ്പോഴാണ് മുഖംമൂടി ധരിച്ചവർ വടിവാളുമായി ഹർഷ് രാജിനെ ആക്രമിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഹർഷ് രാജിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കേസിൽ ഒരാൾ അറസ്റ്റിലാവുകയും മറ്റ് പ്രതികളെ പിടികൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണെന്ന് സിറ്റി എസ്പി ഭരത് സോണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ദസറയ്ക്കിടെ നടന്ന പരിപാടിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വഴക്കുണ്ടാവുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അക്രമികൾ കാമ്പസിൽ വെച്ച് ഹർഷ് രാജിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കൊലപാതകത്തിൽ നടപടിയെടുക്കണമെന്ന് ബീഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഞാൻ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും. ഈ പ്രതിസന്ധിയിൽ സർക്കാർ കുടുംബത്തിനൊപ്പമുണ്ടെന്ന് ജെഡിയു നേതാവ് പറഞ്ഞു. അതിനിടെ, ബിജെപി-ജെഡിയു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. "ഇത് വളരെ ദൗർഭാഗ്യകരമാണ്. എൻഡിഎ സർക്കാർ രൂപീകരിച്ചതിന് ശേഷം ക്രമസമാധാന നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അവർക്ക് ഭരണത്തിൽ നിയന്ത്രണമില്ല. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും കർശനമായ ശിക്ഷ അനുഭവിക്കുകയും വേണം"- പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഞങ്ങളുടെ കാലത്ത് ഇത് സംഭവിച്ചിരുന്നെങ്കിൽ അവർ തെരുവിലിറങ്ങി ജംഗിൾരാജ് എന്ന് വിളിച്ചു പറയുമായിരുന്നു, അവർ ഇപ്പോൾ എവിടെയാണ്. അവർ എന്താണ് ചെയ്യുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.
Post a Comment