361 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആണ് കണ്ണൂരില്‍ നിന്ന് ഏര്‍പ്പെടുത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര പദവിക്ക് മുതല്‍കൂട്ടാവുന്ന വിധം ജംബോ സര്‍വീസ് നടക്കുന്നത് ഇതാദ്യമാണ്. ജൂണ്‍ 10 വരെ ഹാജിമാരെ വഹിച്ച് കണ്ണൂരില്‍ നിന്ന് ഒമ്ബത് വിമാനങ്ങളാണ് പറന്നുയരുക. കണ്ണൂര്‍ എമ്ബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം ജൂണ്‍ 10ന് പുലര്‍ച്ചെ 01.55ന് പുറപ്പെട്ട് രാവിലെ 04.50ന് ജിദ്ദയിലെത്തും. കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയില്‍ നിന്നാണ്. ജൂലൈ 10ന് മദീനയില്‍ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ഹാജ്ജാജികളുടെ ആദ്യ മടക്കവിമാനം ജൂലൈ 10നു പുലര്‍ച്ചെ 03.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12ന് കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന് വൈകീട്ട് 03.10ന് പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരിലെത്തും. വെയിറ്റിങ് ലിസ്റ്റ് ഹാജിമാരുടെ പ്രത്യേകവിമാനം ഉണ്ടെങ്കില്‍ ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളുണ്ടാവും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍ നിന്ന് 17952 പേര്‍ക്കാണ് ഇത് വരെ ഹജ്ജിന് അനുമതി ലഭിച്ചത്. കേരളത്തിലെ എമ്ബാര്‍ക്കേഷന്‍ പോയിന്റ് വഴി മറ്റു സംസ്ഥാനക്കാരായ 282 ഹാജിമാര്‍ പോവുന്നുണ്ട്. കണ്ണൂരില്‍ നിന്ന് 3164 പേരാണ് പരിശുദ്ധ ഹജ്ജിന് പോവുന്നത്. ഇതില്‍ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാര്‍ കണ്ണൂര്‍ വഴി പോവുന്നുണ്ട്. ഇതില്‍ 37 പേര്‍ കര്‍ണാടകയില്‍ നിന്നും 14 പേര്‍ പുതുച്ചേരിയിലെ മാഹി മേഖലയില്‍ നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്. ഒരേ സമയം എഴുനൂറോളം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയുള്ള വിപുലമായ സംവിധാനമാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഹാജിമാര്‍ക്കുള്ള താമസം, ഭക്ഷണം തുടങ്ങിയ ക്യാംപിന്റെ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കണ്ണൂര്‍ എമ്ബാര്‍ക്കേഷന്‍ പോയിന്റില്‍ സ്ഥിരം ഹജ്ജ് ഹൗസ് സംവിധാനം ഒരുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. യാത്രാ നിരക്കിലെ കുറവും ഭൗതിക സംവിധാനങ്ങളുടെ മെച്ചപ്പെട്ട സാഹചര്യവും കണ്ണൂര്‍ എമ്ബാര്‍ക്കേഷന്‍ പോയിന്റിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതല്‍ ഹാജിമാര്‍ യാത്രയ്ക്ക് കണ്ണുരാണ് തിരഞ്ഞെടുത്തത്. അടുത്ത വര്‍ഷവും കണ്ണുര്‍ വഴിയുള്ള ഹാജിമാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 18 വകുപ്പുകളുടെ സംവിധാനങ്ങള്‍ ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. ജനകീയ സ്വാഗത സംഘത്തിന്റെ 11 സബ്കമ്മിറ്റികളും വിപുലമായ സേവന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജൂണ്‍ 10 വരെ ഒമ്ബത് സര്‍വീസ് തുടര്‍ച്ചയായി നടക്കുന്നതിനാല്‍ ഇടവേളകളില്ലാത്ത യാത്രാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. ആംബുലന്‍സ് സൗകര്യം സ്റ്റാഫ് നഴ്‌സുമാരും ഡോക്ടര്‍മാരുമടങ്ങുന്ന മുഴു സജ്ജീകരണം 24 മണിക്കൂറും ക്യാംപിലുണ്ടാവും. അലോപ്പതിക്ക് പുറമെ ആയുര്‍വേദ, ഹോമിയോ യൂനാനി, വിഭാഗങ്ങളുടെ സേവനവും മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും ഉണ്ടാവും. ഭക്ഷ്യ സുരക്ഷാ പ്രൊട്ടോകോള്‍ അനുസരിച്ചാണ് ഭക്ഷണ ക്രമീകരണം ഒരുക്കിയത്. പോലിസ് കനത്ത സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂര്‍ മുമ്ബ് ഹാജിമാര്‍ എയര്‍പോര്‍ട്ടിനോടനുബന്ധിച്ച കൗണ്ടറിലാണ് റിപോര്‍ട്ട് ചെയ്യേണ്ടത്. ലഗേജ് സ്വീകരിക്കാന്‍ അവിടെ കൗണ്ടറുകള്‍ ഉണ്ടാവും. വോളന്റിയര്‍ സേവനം എല്ലാ രംഗത്തും ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ക്യാംപിലേക്കും തിരിച്ചും ഹാജിമാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേകം ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. ഹാജിമാരെ യാത്രയയക്കാനെത്തുന്നവര്‍ക്ക് ക്യാംപിലേക്ക് പ്രവേശനമില്ല. ഉദ്ഘാടന ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും. 150 ഹജ്ജ് വോളന്റിയര്‍മാരും വിവിധ വകുപ്പകളില്‍ നിന്ന് എത്തിച്ചേര്‍ന്ന 35 ഉദ്യോഗസ്ഥരും ഹജ്ജ് സെല്‍ സംവിധാനത്തില്‍ സേവന നിരതരാണ്. കാര്‍ഗോ കോംപ്ലക്‌സിനുള്ളിലുള്ള ഹജ്ജ് ക്യാംപില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ഭക്ഷണ ഹാള്‍, നമസ്‌കാര ഹാള്‍, സ്‌റ്റേജ്, താമസ സൗകര്യം മികച്ച നിലയില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒരേസമയം ആയിരം പേര്‍ക്ക് വരെ ഭക്ഷണം വിളമ്ബാവുന്ന സൗകര്യമാണ് ഒരുങ്ങിയത്. ഭക്ഷണം പരിശോധനക്കും പാചക നിരീക്ഷണത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം സംവിധാനം ഒരുക്കി. ഹാജിമാര്‍ക്ക് വിവിധ മേഖലകളിലായി രണ്ട് ഘട്ട സാങ്കേതിക പരിശീലന ക്യാംപ് നടത്തിയിരുന്നു. ഈ ക്യാംപുകളില്‍ ഹാജിമാര്‍ക്കുള്ള ലഗ്ഗേജ് ടാഗുകളും മറ്റു സ്റ്റിക്കറുകളും കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും, ഹജ്ജ് വകുപ്പ് അബ്ദുര്‍റഹ്മാന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലയിലെ എംപിമാര്‍, കണ്ണൂര്‍ മേയര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായും ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം ചെയര്‍മാനും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത് മാസ്റ്റര്‍ വര്‍ക്കിങ് ചെയര്‍മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘമാണ് ക്യാംപ് സജ്ജീകരണത്തിന് നേതൃത്വം നല്‍ക്കുന്നത്. ഹജ്ജ് കമ്മിറ്റി മെംബര്‍ പി ടി അക്ബര്‍ ക്യാംപ് കോ ഓഡിനേറ്ററാണ്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി കെ കെ ശൈലജ എംഎല്‍എ, സ്വാഗത സംഘം വര്‍ക്കിങ് ചെയര്‍മാന്‍ എന്‍ ഷാജിത്, കണ്ണുര്‍ എയര്‍പോര്‍ട്ട് എംഡി സി ദിനേശ് കുമാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി, ക്യാംപ് കണ്‍വീനര്‍മാരായ സി കെ സുബൈര്‍ ഹാജി, നിസാര്‍ അതിരകം, ക്യാംപ് സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, മീഡിയാ കണ്‍വീനര്‍ ടി ശബ്‌ന പങ്കെടുത്തു
സദാ സമയം ഹെല്‍പ്പ് ഡെസ്‌ക്
മട്ടന്നൂര്‍: കണ്ണൂര്‍ എമ്ബാര്‍ക്കേഷന്‍ പോയിന്റില്‍ ഏത് സമയവും ഹാജിമാര്‍ക്ക് ഹെല്‍പ്പ് ഡസ്‌കിന്റെ സഹായം തേടാം. ക്യാംപിനുള്ളിലെ ക്രമീകരണം, യാത്രാ സഹായം തുടങ്ങി ഏത് കാര്യങ്ങള്‍ക്കും ഹെല്‍പ്പ് ഡസ്‌ക് കൂടെയുണ്ടാവും. ഹാജിമാരുടെ ബന്ധുക്കള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. കണ്ണൂര്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥന്‍ എം സി കെ അബ്ദുല്‍ ഗഫൂര്‍ ആണ് ഹെല്‍പ്പ് ഡെസ്‌ക് കോ ഓഡിനേറ്റര്‍. ഫോണ്‍: 9495868966.
Post a Comment