കൊച്ചി: പനംപള്ളിനഗറില്‍ ഫ്‌ളാറ്റില്‍ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള അമ്മയായ 23 കാരി കുറ്റം സമ്മതിച്ചെന്ന് പോലീസ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് പറഞ്ഞു. യുവതി ഗര്‍ഭിണിയായിരുന്നെന്ന് മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു.
പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ഈ സംഭവം നടന്നതെന്നും പോലീസ് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെണ്‍കുട്ടിയും മാതാപിതാക്കളും ഈ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. മാതാപിതാക്കളില്‍ നിന്നും യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ബാത്ത്‌റൂമില്‍ കയറി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. രാവിലെ എട്ടുമണിയോടെ ഈ സംഭവം ഒളിപ്പിക്കാനുള്ള സംഭ്രമത്തിനിടയില്‍ കുഞ്ഞിനെ അവിടെ ഉണ്ടായിരുന്ന ആമസോണ്‍ കവറില്‍ പൊതിഞ്ഞു താഴേയ്ക്ക് എറിയുകയായിരുന്നു. പെട്ടെന്നുള്ള പരിഭ്രാന്തിയിലായിരുന്നു എറിഞ്ഞതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന വിവരം.
കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത് താനാണെന്നും മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കുഞ്ഞിനെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പോലീസ് സംശയിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹത്തില്‍ ചുറ്റിയിരുന്ന ഒരു ചുരിദാറിന്റെ കഷ്ണമാണ് ഇങ്ങിനെ സംശയിക്കാന്‍ കാരണമായത്. എന്നാല്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകു എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. കുഞ്ഞിനെ കൊന്ന് താഴേയ്ക്ക് ഇട്ടതാണോ വീഴ്ചയില്‍ കുഞ്ഞ് മരണപ്പെട്ടതാണോ എന്ന വിവരങ്ങളെല്ലാം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ അറിയാനാകൂ എന്നും പോലീസ് പറഞ്ഞു.
15 വര്‍ഷമായി ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരാണ് യുവതിയൂം മാതാപിതാക്കളും. ഈ സംഭവത്തില്‍ രണ്ടു കേസുകള്‍ പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന കാര്യത്തില്‍ പോലീസ് മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധനകളും മറ്റും നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുക. നിലവില്‍ സംഭവത്തിന്റെ ഷോക്കിലുള്ള യുവതിയെ പിന്നീട് ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു.
യുവതിയെ വൈദ്യപരിശോധനയ്ക്കായി എറണാകളും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞ ആമസോണ്‍ കവറില്‍ ഉണ്ടായിരുന്നു അഡ്രസ് പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ദുരൂഹതയുടെ മറ നീക്കാന്‍ പോലീസിന് കഴിഞ്ഞു.
Post a Comment