Join News @ Iritty Whats App Group

അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പേടിച്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞു ; പനമ്പള്ളിനഗറിലെ സംഭവത്തില്‍ യുവതിയുടെ വെളിപ്പെടുത്തല്‍


കൊച്ചി: പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ താഴെവീണ് തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭയന്ന് താന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും രാവിലെ എട്ടുമണിയോടെ അമ്മ വാതിലില്‍ തട്ടിയപ്പോള്‍ പരിഭ്രാന്തിയില്‍ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നുമാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പുറത്ത് കേള്‍ക്കുമെന്ന് ഭയന്ന് കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകി. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കീഴ്താടിക്കും പൊട്ടലുണ്ടായിട്ടുണ്ട്. വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കായിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

അവിവാഹിതയായ അതിജീവിതയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയില്‍ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ആരോഗ്യനില മോശമായതിനാല്‍ പ്രതിയായ അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക. പ്രതിയിലേക്ക് പൊലീസിനെ എത്താന്‍ കാരണമായത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. ഫ്‌ളാറ്റിന് സമീപമുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞതായിരുന്നെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group