മട്ടന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് ഉദ്ഘാടനം ചെയ്തു രണ്ടുമാസം കഴിഞ്ഞിട്ടും മട്ടന്നൂരില്‍ നിർമിച്ച റവന്യൂടവറില്‍ സർക്കാർ ഓഫീസുകളൊന്നും പ്രവർത്തനം തുടങ്ങിയില്ല.
കെട്ടിടത്തിന് വേണ്ട ഫർണിഷിംഗ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് വകുപ്പുകള്‍ തന്നെ പണം കണ്ടെത്തണമെന്ന നിർദേശമാണ് ഓഫീസുകള്‍ തുടങ്ങുന്നതിന് കാലതാമസമുണ്ടാകാൻ കാരണം. തെരഞ്ഞെടുപ്പ് കൂടി വന്നതോടെ ഇതിനുള്ള നടപടികള്‍ വീണ്ടും വൈകി. റവന്യൂടവറില്‍ വിവിധ ഓഫീസുകള്‍ക്ക് വേണ്ട സൗകര്യമൊരുക്കാൻ ഇനിയും സമയമെടുത്തേക്കും.
ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് കിഫ്ബിയുടെ സഹായത്തോടെ റവന്യൂ ടവർ നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ വാഹന പാർക്കിംഗ്, ഇലക്‌ട്രിക്കല്‍ റൂം, ഒന്നാം നിലയില്‍ എഇഒ ഓഫീസ്, എസ്‌എസ്‌എ-ബിആർസി, എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയാണ് സജ്ജീകരിക്കുക.
രണ്ടാം നിലയില്‍ ഐസിഡിഎസ് ഓഫീസ്, എല്‍എ കിൻഫ്ര, മെന്‍റല്‍ ഹെല്‍ത്ത് റിവ്യു ബോർഡ്, എക്‌സൈസ് സർക്കിള്‍ ഓഫീസ് എന്നിവയയ്ക്കും സ്ഥലം നല്‍കിയിട്ടുണ്ട്. മൂന്നാംനിലയില്‍ എല്‍എ എയർപോർട്ട് ഓഫീസ്, ആർടിഒ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസ്, പഴശി ഇറിഗേഷൻ, വെക്ടർ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ്, മൈനർ ഇറിഗേഷൻ ഓഫീസ് എന്നിവയും പ്രവർത്തിക്കും.
നാലാം നിലയില്‍ വീഡിയോ കോണ്‍ഫറൻസ് ഹാള്‍, ലൈബ്രറി, ഡൈനിംഗ് ഹാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള റവന്യൂ ടവറില്‍ ഉടൻ സർക്കാർ സ്ഥാപനങ്ങള്‍ പ്രവർത്തനം തുടങ്ങണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Post a Comment