Join News @ Iritty Whats App Group

കാഫിര്‍ വാട്‌സാപ്പ്‌ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല ; വടകരയില്‍ വീണ്ടും രാഷ്ട്രീയപ്പോര് മുറുകി ; പിന്നില്‍ സിപിഎം എന്നും കലാപത്തിന് ശ്രമമെന്നും ആരോപിച്ച് മുസ്ലീംലീഗ്


വടകര: കാഫിര്‍ വാട്‌സാപ്പ്‌ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിനെച്ചൊല്ലി വടകരയില്‍ വീണ്ടും രാഷ്ര്‌ടീയപ്പോര്‌ മുറുകി. വ്യാജ സന്ദേശത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന്‌ ജില്ലാ സെക്രട്ടറിയുടെ പേരെടുത്തു പറഞ്ഞ്‌ മുസ്ലിംലീഗ്‌ സംസ്‌ഥാന സെക്രട്ടറി കെ.എം. ഷാജിയും റവലൂഷണറി യൂത്തും രംഗത്തെത്തിയതോടെയാണ്‌ തര്‍ക്കം പുതിയ തലത്തിലെത്തിയത്‌.

വടകരപോലെ സെന്‍സിറ്റീവായ സ്‌ഥലത്ത്‌ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. ആദ്യം മോഹനന്‍മാഷെ പിടിച്ച്‌ അകത്തിട്ടാല്‍ രാജ്യത്തു മുഴുവന്‍ സമാധാനമുണ്ടാകുമെന്നും ഇവിടെ മാത്രമല്ല കാസര്‍കോടും ഇങ്ങനെതന്നെയാണ്‌ സി.പി.എം. ചെയ്യുന്നന്നതെന്നുമാണ്‌ കെ.എം. ഷാജി കോഴിക്കോക്ക്‌ പറഞ്ഞത്‌. ഏറെ വിവാദത്തിലായ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനു പിന്നില്‍ പി. മോഹനന്റെ മകന്റെ നേതൃത്വത്തിലുള്ള സൈബര്‍ സംഘമാണെന്ന്‌ റെവല്യൂഷണറി യൂത്തും പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.

ഇതിനെ അപലപിച്ച്‌ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ കഴിഞ്ഞദിവസം രംഗത്തെത്തി. വടകരയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണ്‌ ഷാജിയെപ്പോലുള്ളവര്‍ നടത്തുന്നതെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിമര്‍ശം. സമാധാനയോഗം വിളിക്കണമെന്ന ആവശ്യത്തെച്ചൊല്ലിയും രാഷ്ര്‌ടീയവിവാദം കൊഴുക്കുന്നുണ്ട്‌. സര്‍വകക്ഷി സമാധാനയോഗത്തോട്‌ സി.പി.എം. അനുകൂലമായാണു പ്രതികരിച്ചത്‌.

സമാധാനം പുലരാന്‍ നടപടി വേണമെന്ന നിലപാടിലാണ്‌ മുസ്ലിംലീഗ്‌ സംസ്‌ഥാന നേതൃത്വവും. അതേസമയം വ്യാജസന്ദേശം പ്രചരിപ്പിച്ച്‌ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിച്ച ശേഷം മതി സമാധാനയോഗമെന്ന നിലപാടാണു യു.ഡി.എഫിനുള്ളത്‌. വടകരയിലെ കോണ്‍ഗ്രസും ആര്‍.എം.പി.യും ലീഗുമെല്ലാം ഈ നിലപാടിനൊപ്പമാണ്‌.

സമാധാനയോഗമെന്നത്‌ വ്യാജവാട്‌സാപ്പ്‌ സന്ദേശക്കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ സി.പി.എം. ആസൂത്രണം ചെയ്‌തതാണെന്നായിരുന്നു യു.ഡി.എഫിന്റെയും ആര്‍.എം.പി.യുടെയും നിലപാട്‌. സമാധാനയോഗം വിളിക്കേണ്ടതു സര്‍ക്കാരാണെന്നും വിളിച്ചാല്‍ അപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യു.ഡി.എഫ്‌- ആര്‍.എം.പി. വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍. വേണു പ്രതികരിച്ചു. സംഭവം നടന്ന്‌ ഒരുമാസമാകാറായിട്ടും വാട്‌സാപ്പ്‌ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group