Join News @ Iritty Whats App Group

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്: കാറില്ല, വീടില്ല, ഓഹരിയുമില്ല; കൈയ്യിലും ബാങ്കിലും പണം


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം പത്രികയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയിൽ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

2019 ലെ പത്രികയിൽ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയിൽ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു. 2024 ലെത്തിയപ്പോൾ ആസ്തിയിൽ വര്‍ധനവുണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശം 2.67 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ട്. നാല് സ്വര്‍ണ മോതിരങ്ങളാണ് ഇവ. നാഷണൽ സേവിങ്സ് സര്‍ട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019 ൽ 7.61 ലക്ഷം രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിന് നാഷണൽ സേവിങ്സ് സര്‍ട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്. ഇതിന് പുറമെ 2.85 കോടി രൂപയുടെ സ്ഥിര നിക്ഷേപം ബാങ്കിലുണ്ടെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കി.

എന്നാൽ പ്രധാനമന്ത്രിയുടെ കൈവശം വീടോ കാറോ ഓഹരിയോ ഇല്ല. തന്റെ ഭാര്യ യശോദ ബെൻ എന്ന് പത്രികയിൽ രേഖപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയിൽ നിന്ന് ബിരദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ദില്ലി സര്‍വകലാശാലയിൽ നിന്ന് 1978 ൽ ബിരുദം നേടിയെന്നും അവകാശപ്പെടുന്നു. ഗുജറാത്ത് ബോര്‍ഡ് എസ്എസ്‌സി പരീക്ഷ 1967 ൽ പാസായതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിൽ നിന്ന് ശമ്പളവും ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശയുമാണ് തന്റെ വരുമാനമായി അദ്ദേഹം രേഖപ്പെടുത്തിയത്. തന്റെ പേരിൽ ക്രിമിനൽ കേസില്ലെന്നും സര്‍ക്കാരിന് ഒരു രൂപ പോലും നൽകാനില്ലെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കുന്നു. ഇത് മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയിൽ സ്ഥാനാര്‍ത്ഥിയായി പത്രിക നൽകുന്നത്. 2014 ലും 2019 ലും മണ്ഡലത്തിൽ അദ്ദേഹം വൻ വിജയം നേടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group