ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ നടന്‍ അല്ലു അര്‍ജുനെതിരെ കേസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും, ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനുമാണ് കേസ്. കഴിഞ്ഞ ദിവസം വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ രവി ചന്ദ്ര കിഷോറിനെ കാണാന്‍ അല്ലു അര്‍ജുന്‍ എത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്.
രവി ചന്ദ്രയുടെ വസതിയില്‍ അല്ലു എത്തിയപ്പോഴാണ് ജനം വീടിന് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് എംഎല്‍എയ്ക്കൊപ്പം അല്ലു വീട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ജനത്തെ അഭിസംബോധന ചെയ്തു. എംഎല്‍എയുടെ കൈ അല്ലു ഉയര്‍ത്തുകയും ചെയ്തു. ആളുകള്‍ കൂടിയത് വലിയ ട്രാഫിക് പ്രശ്നം ഉണ്ടാക്കി.
അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയതിന് നന്ദ്യാൽ പോലീസ് ആണ് കേസെടുത്തത്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി. നേരത്തെ അല്ലു എംഎല്‍എയ്ക്കൊപ്പമുള്ള വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ വോട്ട് ചെയ്യാനൊന്നും അഭ്യര്‍ത്ഥിച്ചിരുന്നില്ല.
ശനിയാഴ്ചത്തെ യോഗത്തിന് മുൻകൂർ അനുമതിയില്ലാതെ എംഎൽഎ റെഡ്ഡി അല്ലു അർജുനെ ക്ഷണിച്ചുവെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് അവർക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച (മെയ് 13) വോട്ടെടുപ്പിന് ഒരുങ്ങുമ്പോൾ ആന്ധ്രാപ്രദേശിൽ നിലവിലുള്ള 144-ാം വകുപ്പ് ലംഘിച്ചതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അല്ലു അര്‍ജുന്‍റെ അടുത്ത ബന്ധുവായ പവര്‍ കല്ല്യാണ്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ ബിജെപി മുന്നണിയില്‍ മത്സരിക്കുമ്പോഴാണ് അല്ലു അര്‍ജുന്‍ വൈഎസ്ആര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അല്ലു അര്‍ജുന്‍റെ പിന്തുണ വോട്ടാകും എന്ന പ്രതീക്ഷയിലാണ്.
അതേ സമയം ശനിയാഴ്ച വൈകി തന്‍റെ സുഹൃത്തായ എംഎല്‍എ സന്ദര്‍ശിക്കാനാണ് താൻ നന്ദ്യാല സന്ദർശിച്ചതെന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി.
Post a Comment