തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ നിർത്താതെ പെയ്ത മഴ എറണാകുളം, കോഴിക്കോട്, തൃശൂർ മേഖലകളിൽ വെള്ളക്കെട്ടും ദുരതവും വിതച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും മഴ ശക്തമാകാനാണ് സാധ്യത.
ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം നാളെ മുതൽ മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം.
മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കടലാക്രമണത്തിനു സാധ്യത; ജാഗ്രതാ നിർദേശം
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ നാളെ രാത്രി 11.30 വരെ 0.6 മുതൽ 4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പുമായി കെഎസ്ഇബി; പുറത്തിറങ്ങുന്പോൾ ജാഗ്രത വേണം
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്പോൾ ജാഗ്രത വേണമെന്ന് കെഎസ്ഇബി. കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും കെഎസ്ഇബി നിർദേശിക്കുന്നു. വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകുമെന്നും കെഎസ്ഇബി അറിയിച്ചു.
Post a Comment