Join News @ Iritty Whats App Group

സിമന്‍റ് മിക്സര്‍ യന്ത്രത്തിലിട്ട് തൊഴിലാളിയെ കൊന്ന സംഭവം; ദാരുണമായ കൊലയുടെ പ്രകോപനം അവ്യക്തം


കോട്ടയം: വാകത്താനത്ത് സിമൻ്റ് മിക്സർ യന്ത്രത്തിലിട്ട് ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന കേസില്‍ അവ്യക്തത തുടരുന്നു. വാകത്താനത്തെ കൊണ്ടോടി കോണ്‍ക്രീറ്റിലെ തൊഴിലാളിയായ അസം സ്വദേശി ലേമാന്‍ മസ്ക് ആണ് ഏപ്രില്‍ 26ന് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി പാണ്ടിദുരൈ ആണ് ദാരുണമായ കൊല നടത്തിയത്. 

ഇരുവരും തമ്മില്‍ ജോലിസംബന്ധമായ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉള്ളതായി കൂടെ ജോലി ചെയ്യുന്ന ആര്‍ക്കും അറിവില്ല. ഇതാണ് സംശയം ജനിപ്പിക്കുന്നത്. 

കൂറ്റന്‍ സിമന്‍റ് മിക്സിംഗ് യന്ത്രം വൃത്തിയാക്കാനായി ലേമാന്‍ അതിനുളളില്‍ കയറിയപ്പോള്‍ പാണ്ടിദുരൈ യന്ത്രത്തിന്‍റെ സ്വിച്ച് ഓണാക്കുകയായിരുന്നുവത്രേ. സ്വിച്ച് ഓഫാക്കിയതോടെ ഗുരുതരമായി പരുക്കേറ്റ ലേമാന്‍റെ ശരീരം പുറത്തുവന്നു. അപ്പോഴും ജീവനുണ്ടായിരുന്ന ശരീരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടുത്ത് മാറ്റിയ പാണ്ടി ദുരൈ സ്ളറി വേസ്റ്റിന് ഉളളിലിട്ട് മൂടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

സംഭവ സമയത്ത് ഓഫിസിനുളളില്‍ ഉണ്ടായിരുന്ന അക്കൗണ്ടന്‍റ് ഇതെക്കുറിച്ച് അറിഞ്ഞില്ല. മറ്റുള്ള ജോലിക്കാര്‍ ഉച്ചയ്ക്ക് ശേഷം ജോലിക്കെത്തിയപ്പോള്‍ ലേമാനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ലേമാൻ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാട് വിട്ടുപോയി എന്നാണ് പാണ്ടിദുരൈ പറഞ്ഞത്. 

പാണ്ടിദുരൈയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുളളതായി സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും അറിയില്ല. ലേമാന്‍ യന്ത്രത്തിനുളളില്‍ ഉണ്ടെന്ന കാര്യം അറിയാതെ പാണ്ടിദുരൈ യന്ത്രം ഓണാക്കിയതാകാമെന്നും കയ്യബദ്ധം മറച്ചുവയ്ക്കാന്‍ പിന്നീട് പാണ്ടിദുരൈ നടത്തിയ ശ്രമങ്ങളാവാം അയാളെ കൊലക്കേസ് പ്രതിയാക്കിയതെന്നും ഇവരില്‍ പലരും ഇപ്പോഴും സംശയിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group