Join News @ Iritty Whats App Group

തീരുമ്പോൾ തീരുമ്പോൾ പണി! സഹായത്തിനായി മെഡിക്കൽ കോളജിന് 5 പേരെ നൽകി എംവിഡി; ഇന്നോവയിലെ സാഹസിക യാത്രയ്ക്ക് ശിക്ഷ

ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് യുവാക്കളും ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്.

ആലപ്പുഴ മെഡിക്കല് കോളേജില് നാല് ദിവസം സന്നദ്ധ സേവനം നടത്തണം. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം നടത്തേണ്ടത്. നാളെ മുതലാണ് ശിക്ഷ ആരംഭിക്കുക. നാലു ദിവസത്തെ മെഡിക്കല്‍ കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനിൽ മൂന്ന് ദിവസത്തേ സേവനവും ചെയ്യണം. ഇത്തരത്തില്‍ ഒരാഴ്ചയാണ് ശിക്ഷാ കാലാവധി. സാഹസിക യാത്ര നടത്തിയ നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിൻ നസീര്‍, അഫ്താര് അലി, ബിലാല് നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്കാണ് ശിക്ഷ. ഇന്നോവ കാറിലിരുന്ന് ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകരമായ യാത്ര ചെയതതിനാണ് ശിക്ഷ

കഴിഞ്ഞ ഞായറാഴ്ച നൂറനാട് ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ഇത്തരത്തിൽ കാറിലിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. അന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു ഇന്നോവ കാറിൽ നാല് യുവാക്കൾ ഡോറിന് മുകളിലിരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൊട്ടുപിന്നാലെ ആർടിഒ ഉദ്യോ​ഗസ്ഥർ കാറിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി കാർ കസ്റ്റഡിയിലെടുക്കുകയും യുവാക്കൾക്കെതിരെ നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാക്കളുടെ വീട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് സന്നദ്ധ സേവനം നല്‍കി മാതൃകാപരമായ ശിക്ഷ നല്‍കാൻ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group