ഇരിട്ടി: വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ ഇരിട്ടി അഗ്നി രക്ഷാ നിലയിത്തിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു. വർഷങ്ങൾ പഴക്കമുള്ള ചെങ്കൽ മതിൽ ഇടിഞ്ഞതോടെ കെട്ടിടവും അപകട ഭീഷണിയിലാണ്.
നേരംമ്പോക്ക് റോഡിലെ പഴയ ഗവ.ആശുപത്രി കെട്ടിടത്തിൽ ആണ് അഗ്നി രക്ഷാ നിലയം പ്രവർത്തിക്കുന്നത്. ഹൈസ്‌കൂൾ കുന്നിൽ നിന്നുൾപ്പെടെയുള്ള മഴവെള്ളം കുത്തിയൊലിച്ചു വന്ന് കലുങ്ക് വഴി ഈ മതിലിനോട് ചേർന്നാണ് പുഴയിലേക്ക് ഒഴുകിപ്പോകുന്നത്. മതിൽ ഇടിഞ്ഞു വീണതോടെ അഗ്നി രക്ഷാ സേനയുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്തിൻ്റെ ചുറ്റുമതിലിനോടു ചേർന്ന ഭാഗവും ഇടിഞ്ഞുതാഴ്ന്നു.
ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയആശുപത്രി കെട്ടിടത്തികത്ത് ഏറെ പ്രയാസങ്ങൾ സഹിച്ചാണ് അഗ്നിരക്ഷാസേന ഒന്നര പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്നത്. പുതിയസ്ഥലം കണ്ടെത്തി സൗകര്യപ്രദമായ രീതിയിലുള്ള ആസ്ഥാനം നിർമ്മിച്ച് സേനയുടെ പ്രവർത്തനം സുഗമമാക്കണമെന്ന ആവശ്യം ഇരിട്ടിയിൽ സേനയുടെ പ്രവർത്തനം തുടങ്ങിയ നാൾ തൊട്ട് ഉയരുന്നുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാകാത്ത അവസ്ഥയിലാണ്. ഇതിനിടെ കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർന്നതും സേനയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ്.
Post a Comment