Join News @ Iritty Whats App Group

കനത്തമഴയില്‍ രായ്ക്കുരാമാനം റഫയില്‍ നിന്നും പലായനം ; എങ്ങോട്ടെന്നറിയാതെ കുട്ടികളുമായി ചെളിനിറഞ്ഞ വഴികളിലൂടെ കഴുതവണ്ടികളിലും പിക്ക്അപ് വാഹനങ്ങളിലും നടന്നും യാത്ര


ജറുസലേം: ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ച് ഗാസയില്‍ ആറുമാസത്തിലേറെയായി യുദ്ധം തുടരുന്ന ഇസ്രയേല്‍ ഇതാദ്യമായി തെക്കന്‍ ഗാസയിലെ റഫയിലും വ്യോമാക്രമണം തുടങ്ങി. ഗാസയില്‍ ഇസ്രയേല്‍ ആക്രമണമാരംഭിച്ചശേഷം 10 ലക്ഷത്തിലേറെ പലസ്തീനികള്‍ അഭയം പ്രാപിച്ചിട്ടുള്ള പട്ടണമാണു റഫ. അഭയാര്‍ഥികള്‍ ഉള്‍പ്പെടെ കടലോരപ്പട്ടണത്തിലെ ആകെ ജനസംഖ്യ നിലവില്‍ 20 ലക്ഷത്തിലേറെയാണ്.

ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണു വ്യോമാക്രമണം ആരംഭിച്ചത്. ഞായറാഴ്ച രാത്രി നടന്ന ആദ്യവ്യോമാക്രമണത്തില്‍ത്തന്നെ 20 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 10 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. എന്നാല്‍, തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ ഹമാസ് ആക്രമണത്തിന്റെ പ്രഭവകേന്ദ്രമാണു തകര്‍ത്തതെന്നാണ് ഇസ്രയേല്‍ അവകാശവാദം. ഗാസയ്ക്കു സമീപം കരെം ഷാമലാമില്‍ കഴിഞ്ഞ ഞായറാഴ്ച ഹമാസ് നടത്തിയ ആക്രമണത്തിലാണു നാല് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

ഈ സംഭവം മധ്യസ്ഥശ്രമങ്ങളെ ബാധിച്ചതായും ഇപ്പോഴത്തെ നീക്കത്തിന് ഇസ്രയേലിനെ പ്രേരിപ്പിച്ചതായും ഈജിപ്റ്റിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ അല്‍ ഖഹെരാ റിപ്പോര്‍ട്ട് ചെയ്തു. ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന വടക്കന്‍ സിനായിയിലും ഇസ്രയേല്‍ വന്‍സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഈജിപ്റ്റ്, ഖത്തര്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെതന്നെ റഫയും ആക്രമണനിഴലിലായിരുന്നു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസും ബന്ദികളെ വിട്ടയയ്ക്കാനായി മാത്രം താത്കാലിക വെടിനിര്‍ത്തലാകാമെന്ന് ഇസ്രയേലും നിലപാടെടുത്തതോടെയാണു കെയ്‌റോ ചര്‍ച്ച പൊളിഞ്ഞത്. റഫയിലെ ഹമാസ് ഒളിയിടങ്ങള്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍ ഏറെനാളായി നടത്തിവന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍, 20 ലക്ഷത്തിലേറെ പലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ചെറുപട്ടണം ആക്രമിക്കപ്പെടുന്നതു കനത്ത ആള്‍നാശത്തിനു കാരണമാകുമെന്നാണു രാജ്യാന്തരസമൂഹത്തിന്റെ ആശങ്ക.

കനത്തമഴയിലും കൂട്ടപ്പലായനം

അറബിക് ഭാഷയില്‍ ടെക്‌സ്റ്റ് മെസേജുകളായും ഫോണ്‍ സന്ദേശങ്ങളായും ലഘുലേഖകളായും ഇസ്രയേല്‍ നല്‍കിയ മുന്നറിയിപ്പില്‍, 20 കിലോമീറ്റര്‍ അകലെയുള്ള ''ദീര്‍ഘിപ്പിച്ച മാനുഷികമേഖല''യിലേക്കു മാറണമെന്നാണു ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്. ഇതുപ്രകാരം ചില പലസ്തീനി കുടുംബങ്ങള്‍ കാലംതെറ്റിയുള്ള കനത്തമഴ അവഗണിച്ചും രായ്ക്കുരാമാനം പലായനം ചെയ്തു. കുട്ടികളുമൊത്ത് ചെളിനിറഞ്ഞ വഴികളിലൂടെ കഴുതവണ്ടികളിലും പിക്ക്അപ് വാഹനങ്ങളിലും നടന്നുമൊക്കെയായിരുന്നു എങ്ങോട്ടെന്നറിയാത്ത കൂട്ടപ്പലായനം. ഈ ദിവസം വരുമെന്നറിയാമായിരുന്നു എന്നാല്‍, കുടുംബത്തെ എവിടേക്കു കൊണ്ടുപോകുമെന്ന് അറിയില്ലെന്നാണ് അഭയാര്‍ഥികളിലൊരാള്‍ പറഞ്ഞത്.

തീര്‍ക്കുമെന്ന് ഇസ്രയേല്‍; തിരിച്ചടിക്കുമെന്ന് ഹമാസ്

ഇസ്രയേലിന്റെ ഒഴിപ്പിക്കല്‍ നടപടിക്കു കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും യു.എസുമൊത്തുള്ള ഈ നീക്കം ഭീകരതയാണെന്നും മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്‌രി പ്രതികരിച്ചു. റഫയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേലിനു സുഖകരമാകില്ലെന്നും നേരിടാന്‍ തങ്ങള്‍ പൂര്‍ണസജ്ജരാണെന്നും ഹമാസ് പിന്നീട് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ബന്ദികളുമൊത്ത് ആയിരക്കണക്കിനു ഹമാസ് അംഗങ്ങള്‍ റഫയില്‍ തമ്പടിച്ചിട്ടുണ്ടെന്നും ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നുമാണ് ഇസ്രയേല്‍ നിലപാട്. ബന്ദികളെയെല്ലാം മോചിപ്പിക്കുകയും ഹമാസിനെ കീഴടക്കുകയും ചെയ്യാതെ ഗാസ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് 'എക്‌സി'ലൂടെ ആവര്‍ത്തിച്ചു.

ആശങ്ക പ്രകടിപ്പിച്ച് യു.എസ്, യൂറോപ്പ്

റഫയില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്നും വന്‍മാനുഷികദുരന്തത്തിന് ഇടയാക്കുമെന്നും രാജ്യാന്തര സന്നദ്ധസംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. റഫയ്ക്കു ചുറ്റും ജനങ്ങളോടു മാറിത്താമസിക്കാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ച ഖാന്‍ യൂനിസ്, അല്‍ മുവാസി മേഖലകള്‍ ഇപ്പോള്‍തന്നെ സൂചികുത്താനിടമില്ലാത്തവിധം ജനനിബിഡമാണ്. വന്‍വംശഹത്യയാണു റഫയില്‍ നടക്കാന്‍ പോകുന്നതെന്നും അറബ് രാജ്യങ്ങള്‍ ഇടപെട്ട് തങ്ങളെ രക്ഷിക്കണമെന്നും അഭയാര്‍ഥികള്‍ വിലപിക്കുന്നു.

റഫയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരേ യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സും ജോര്‍ദാനും രംഗത്തെത്തി. കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെടുമെന്നതിനാല്‍ റഫ ആക്രമിക്കരുതെന്നു യു.എസ്. നേരത്തേ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിന്റെ പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യത്തിനിടയാക്കുമെന്നു വിലയിരുത്തപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group