Join News @ Iritty Whats App Group

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവകുമാറിനെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നത്, വിശദീകരണവുമായി ശശി തരൂര്‍


ദില്ലി:സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സില്‍ അറിയിച്ചു. തന്‍റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്.

72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

ശിവകുമാര്‍ പ്രസാദ് ഉൾപ്പെടെ രണ്ട് പേരെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിന്‍റെ പിഎ ശിവകുമാർ ആണെന്നാണ് പുറത്ത് വരുന്ന വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group