ഇരിട്ടി: ആറളം പഞ്ചായത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ദുരന്ത നിവാരണ സമിതികൾ പുനസംഘടിപ്പിക്കും. പ്രകൃതിക്ഷോഭ കെടുതികൾക്കുള്ള സാധ്യത മുന്നിൽ കണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആസുത്രണം ചെയ്യാൻ പഞ്ചായത്ത് നേതൃത്വത്തിൽ റവന്യു, മരാമത്ത്, അഗ്‌നിരക്ഷാ, പൊലീസ്, കൃഷി വകുപ്പ്, പഞ്ചായത്ത് തല ദുരന്ത പ്രതികരണ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ആറളം ഫാമും ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രവും ആറളം വന്യജീവി സങ്കേതവും ഉൾപ്പെടുന്ന പഞ്ചായത്ത് എന്ന നിലയിൽ അതീവ ജാഗ്രത പാലിക്കാനാണ് താരുമാനം.
നിലവിലുള്ള സ്ഥിതി യോഗം വിലയിരുത്തി. കാര്യക്ഷമമായും കൃത്യതയോടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിനുള്ള പ്രവർത്തന രൂപരേഖ തയാറാക്കി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസിമോൾ വാഴപ്പള്ളി, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് അന്ത്യാംകുളം, വത്സ ജോസ്, ഇ.സി. രാജു, അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി എം.എ. ആന്റണി, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ പി.ജി.സനീഷ്, മരാമത്ത് ഓവർസിയർമാരായ കെ. അനുരഞ്ച്, റിഞ്ചു ജോർജ്, കൃഷി ഓഫിസർ റാം മോഹൻ, സ്‌പെഷൽ വില്ലേജ് ഓഫിസർ പി.ബി. പ്രകാശൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ പി.എച്ച്. നൗഷാദ്, എസ് ഐ റെജികുമാർ, മെഡിക്കൽ ഓഫിസർ പ്രിയ സദാനന്ദൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വി. സുന്ദരം എന്നിവർ പ്രസംഗിച്ചു.
പ്രധാന തീരുമാനങ്ങൾ
ദുരന്ത നിവാരണ സമിതി (ആർആർടി) അംഗങ്ങൾക്ക് പരിശീലനം നൽകും, ആർആർടിക്ക് ആവശ്യമായ രക്ഷാ പ്രവർത്തന ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തും, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കാനും റോഡരികിൽ മണ്ണും മറ്റു മാലിന്യങ്ങളും നിറഞ്ഞ് മഴ വെള്ളം ഒഴുകിപ്പോകാൻ തടസ്സമായി ഇട്ടിട്ടുള്ള വസ്തുക്കൾ നീക്കം ചെയ്യാനും ജില്ലി, മരം, മറ്റു കെട്ടിട നിർമാണ സാധന സാമഗ്രികൾ എന്നിവ റോഡരികിൽ സ്‌റ്റോക്ക് ചെയ്തതു അടിയന്തിരമായി നീക്കം ചെയ്യാനും പൊതുജനങ്ങൾക്ക് നിർദേശം നൽകും. ഓടകൾ വ്യത്തിയാക്കണം. വെള്ളം ഒഴുകി പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
മരാമത്ത് റോഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാൻ മരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
വൈദ്യുതി മുടങ്ങുന്നത് അടിയന്തിരമായി പരിഹരിക്കുന്നതിന് കെ എസ് ഇ ബിക്ക് നിർദേശം നൽകി.
പകർച്ചപ്പനി പോലുള്ള സാംക്രമിക രോഗങ്ങൾ തടയുന്നതിനു ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
അവശ്യ സാഹചര്യങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനു വാടക വീടുകൾ ഉൾപ്പെടെ കണ്ടെത്താൻ ജനപ്രതിനിധികൾക്ക് നിർദേശം നൽകി. ദുരിതാശ്വാസ ക്യാംപുകൾ വേണ്ടി വരുന്ന സാഹചര്യത്തിൽ ആവശ്യമായ സജ്ജീകരണങ്ങൾ ബഹുജന പങ്കാളിത്തത്തോടെ ഉറപ്പാക്കണം. ആറളം ഫാം ഉൾപ്പെടെയുള്ള പട്ടികവർഗ കോളനികളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകുന്നതിനു പ്രെമോട്ടർമാർക്ക് നിർദേശം നൽകി. പ്രളയ സാധ്യത മുന്നിൽക്കണ്ട് മുഴുവൻ ഓടകളും വൃത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകുമെന്നു ഉറപ്പ് വരുത്തും. ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ആർ ആർ ടി അംഗങ്ങളെയും ഉൾപ്പെടുത്തി വാട്‌സാപ് ഗ്രൂപ്പ് രൂപികരിക്കുന്നതിനും പ്രശ്‌നങ്ങൾ ഉടനടി അറിയിക്കുന്നതിനും സംവിധാനം ഉണ്ടാക്കും. ആവശ്യമെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ നടത്തും
Post a Comment