തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണു സംഭവം.
ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ രണ്ടുപേരാണു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഷോപ്പ് ജീവനക്കാരന്‍ ഇവരുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. 15 മിനിറ്റിനുശേഷം മടങ്ങിയെത്തിയ യുവാക്കള്‍ ഫോണ്‍ മടക്കിനല്‍കാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് ഒട്ടിക്കുന്ന തിരക്കിലായിരുന്ന ജീവനക്കാരന്‍ അല്‍പ്പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്ന് ഉടമയായ അനുരാഗ് പറഞ്ഞു. പുറത്തുനിന്ന് അസഭ്യവര്‍ഷം നടത്തിയ യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസ് തല്ലിപ്പൊളിച്ചു.
തുടര്‍ന്ന് കൗണ്ടറിനുള്ളില്‍ കടന്ന് ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താനും ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തുന്നതിനു മുമ്പ് യുവാക്കള്‍ രക്ഷപ്പെട്ടെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നു സംശയിക്കുന്നെന്നും ഉടമ പറഞ്ഞു. ഏകദേശം ആറായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment