കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞ സംഭവത്തില്‍ മകന്‍ അജിത് കുമാറിനെ പൊലീസ് ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അജിത്തിനെതിരെ കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാല്‍ ചോദ്യം ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിട്ടില്ല.
അതേസമയം എഴുപത് പിന്നിട്ട ഷണ്‍മുഖനെ മറ്റ് രണ്ട് പെണ്‍ മക്കളും സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ ഇന്നലെ രാത്രി തന്നെ കോതമംഗലത്തുള്ള സഹോദരന്‍റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. വിഷയത്തില്‍ ഇടപെട്ട കളക്ടര്‍ കൊച്ചി സബ് കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
നേരത്തെ ഷണ്‍മുഖന്‍റെ ചികിത്സയും മറ്റ് കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് പെൺമക്കളായിരുന്നു. എന്നാല്‍ മകൻ അജിത്തുമായുള്ള പ്രശ്നങ്ങളാണ് പിന്നീട് ഇവര്‍ക്ക് അച്ഛനുമായി അടുപ്പത്തില്‍ കഴിയാൻ വിഘാതമായത്. പെൺമക്കള്‍ പരാതിയുമായി മുമ്പ് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്ഐ രേഷ്മ ഇന്നലെ പ്രതികരിച്ചിരുന്നു. പെൺമക്കള്‍ വീട്ടില്‍ വന്നാല്‍ അജിത്ത് അവരെ വീട്ടിനകത്ത് കയറ്റാറില്ലെന്നും, അച്ഛനെ കൊണ്ടുപോകാൻ അവര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോഴും അജിത്ത് അതിന് സമ്മതിച്ചില്ലെന്നുമാണ് തൃപ്പൂണിത്തുറ എസ്ഐ ഇന്നലെ പ്രതികരിച്ചത്.
വൈറ്റില സ്വദേശി ഷൺമുഖൻ അപകടത്തിൽപെട്ടാണ് കിടപ്പിലായതാണ്. മൂന്ന് മാസമായി മകൻ അജിത്തിനൊപ്പം വാടകവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. അജിത്തും കുടുംബവും വ്യാഴാഴ്ച വൈകീട്ട് സാധനങ്ങളെടുത്ത് വീടൊഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രി അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ച് അജിത്ത് കടന്ന് കളഞ്ഞെന്ന വിവരം വീട്ടുടമസ്ഥൻ അറിയുന്നത്.
Post a Comment