Join News @ Iritty Whats App Group

ബിജെപിക്ക് ആശങ്കയായി കർഷക സമരം കൂടുതൽ ശക്തമാവുന്നു; നാളെ മുതൽ നേതാക്കളുടെ വീട് വളയുമെന്ന് നേതാക്കൾ


കർഷക പ്രക്ഷോഭം ശക്തമാകുന്നത് പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് ആശങ്കയാകുന്നു. ദില്ലി ലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന നാളെ മുതൽ ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം. ആറും ഏഴും ഘട്ടങ്ങളിലായാണ് ഹരിയാനയിലും 
പഞ്ചാബിലും വോട്ടെടുപ്പ്.

ദേശീയ പാതകളിൽ ട്രാക്ടറുകൾ നിരത്തി ഗതാഗതം തടഞ്ഞും, തീവണ്ടി തടഞ്ഞുമൊക്കെയാണ് കർഷക പ്രക്ഷോഭം ഇതുവരെ മുന്നേറിയത്. ബിജെപി നേതാക്കളെ തോൽപിക്കാൻ ആഹ്വാനം ചെയ്തും, നേതാക്കളുടെ പ്രചാരണം തടഞ്ഞും തെരഞ്ഞെടുപ്പ് കാലത്ത് പ്രക്ഷോഭം സജീവമാക്കി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ ഭാര്യയും പട്യാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രണീത് കൗറും. ഹരിയാനയില്‍ മന്ത്രി അനില്‍ വിജും പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞ് പ്രചാരണ രംഗത്ത് നിന്ന് ഒരു വേള പിന്‍വാങ്ങിയിരുന്നു.

നാളെ മുതൽ സമരരീതി മാറ്റുകയാണ് കർഷകര്‍. ഉപരോധ സമരം പഞ്ചാബിലെയും ഹരിയാനയിലെ ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്കാണ് മാറ്റുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമ്പോൾ ചോദ്യങ്ങളുമായി കൂട്ടത്തോടെ പ്രചാരണ വേദിയിലേക്കെത്താനും സമരക്കാര്‍ നീക്കം നടത്തുന്നുണ്ട്. കർഷക നേതാക്കളെ അനാവശ്യമായി ജയിലിലടയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്. 

തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ദില്ലി ചലോ മാർച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വാർത്താ കുറിപ്പിൽ അറിയിച്ചു. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ കർഷകർ രണ്ടാം കർഷക സമരം തുടങ്ങിയത്. ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്. ശനിയാഴച ആറാം ഘട്ടത്തിലാണ് ദില്ലിയിൽ വോട്ടെടുപ്പ്, ജൂൺ 1ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

Post a Comment

Previous Post Next Post
Join Our Whats App Group