ആറാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 61.46 ശതമാനം പോളിങ്. ഇൻഡ്യ സഖ്യം പ്രതീക്ഷ വെയ്ക്കുന്ന ഡൽഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാൾ പോളിങ് കുറഞ്ഞു.
ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ആറ് ഘട്ടത്തിൽ വിധിയെഴുതിയത്. ആദ്യ അഞ്ചു ഘട്ടങ്ങളിലായി 66.14, 66.71,65.68,64.60,62.20 എന്നിങ്ങനെയായിരുന്നു പോളിങ്. ആറാംഘട്ടത്തിൽ വലിയ വർധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുൻ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിങ് നീങ്ങിയത്. ഹരിയാനയിൽ പോളിങ് ശതമാനത്തിലെ ഇടിവ് പാർട്ടികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ തവണ 74.3 ആയിരുന്നെങ്കിൽ ഇത്തവണ 61.16 ആണ് പോളിങ്. അംബാല, ഹിസാർ,കുരുക്ഷേത്ര, സിർസ സീറ്റുകളിൽ മാത്രമാണ് പോളിങ് അറുപത് ശതമാനം കടന്നത്.
മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മത്സരിച്ച കർണാലിലും ശതമാനത്തിൽ ഉണർവുണ്ടായില്ല. പോളിങ് ഇടിഞ്ഞതോടെ പ്രാദേശിക പാർട്ടികളായ ജെജെപിയും ഐഎൻഎൽഡിയും പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങളെ നിർണ്ണയിക്കുക. ഡൽഹിയിലും പോളിങ് കുറഞ്ഞു. 68.3 ആയിരുന്നത് ഇത്തവണ 57.82 ആയി. കനയ്യകുമാർ മത്സരിച്ച നോർത്ത് ഈസ്റ്റ് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. 486 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതോടെ പൂർത്തിയായി. അവേശഷിക്കുന്ന 57 മണ്ഡലങ്ങളിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. എട്ടു സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ പോളിങ് ബൂത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് ജനവിധി തേടും. 57 മണ്ഡലങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് മത്സരം രംഗത്തുള്ളത്.
Post a Comment