ദില്ലി: നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു. പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷം വിരമിക്കും.
അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം ആദ്മി പാർട്ടി അവസാനിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. ജയിലിലേക്ക് മടങ്ങി പോകാൻ തനിക്ക് ഭയമോ ആശങ്കയോ ഇല്ല. ജൂൺ ഒന്നിന് ജാമ്യം അവസാനിക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രതികരണം.
ജയിലിൽ കഴിഞ്ഞപ്പോൾ തന്റെ സെല്ലിൽ നാല് പാടും സിസിടിവി ക്യാമറകൾ വഴി ജയിൽ അധികൃതരും പ്രധാനമന്ത്രിയുടെ ഓഫീസും തന്നെ നിരീക്ഷിക്കുകയായിരുന്നെന്നും കെജ്രിവാൾ ആരോപിച്ചു. നേരത്തെ സ്വാതി മലിവാളിന്‍റെ പരാതിയില്‍ തന്റെ വയോധികരായ മാതാപിതാക്കളെ ദില്ലി പൊലീസ് ചോദ്യം ചെയ്യുമെന്ന് കെജ്രിവാള്‍ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചതോടെ ദില്ലി പൊലീസ് ശ്രമം ഉപേക്ഷിച്ചിരുന്നു.
Post a Comment