Join News @ Iritty Whats App Group

പിന്നോട്ടില്ലെന്ന് പറഞ്ഞ ഗതാഗതമന്ത്രി ഒപ്പുവച്ചു, ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിലാണ് ഗതാഗതവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഭേദഗതിക്ക് തയ്യാറായത്. പ്രതിഷേധത്തിന് മുന്നിൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ പരിഷ്കരിച്ച് സർക്കുലർ ഇറക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെ ഭേദഗതി വരുത്തിയ കരടിന് ഗതാഗത മന്ത്രി അംഗീകാരം നൽകിയതോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിലെ ഇളവിൽ തീരുമാനം ആയി. പുതിയ സർക്കുലർ നാളെ പുറത്തിറക്കും. പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ് മാറ്റം. സമരം തുടരണോ വേണ്ടയോ എന്നതിൽ നാളെ തീരുമാനമെടുക്കുമെന്ന് സി ഐ ടി യു അറിയിച്ചു.

വിശദ വിവരങ്ങൾ ഇങ്ങനെ

പ്രതിഷേധങ്ങൾക്ക് മുന്നിൽ പിന്നോട്ടില്ലെന്നായിരുന്നു ഗതാഗതമന്ത്രിയുടെ നിലപാട്. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ആവശ്യം ഹൈക്കോടതിയും ഇന്ന് അംഗീകരിച്ചില്ല. പക്ഷെ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ ഗതാഗതവകുപ്പ് അയഞ്ഞു. സമരം മൂലം രണ്ട് ദിവസമായി ആർക്കും ലൈസൻസ് കിട്ടാത്ത പ്രതിസന്ധിയും വിട്ടുവീഴ്ചയുടെ കാരണമാണ്. സർക്കുലർ പുതുക്കിയിറക്കും. പ്രതിദിന ലൈസൻസ് 40 ആക്കും. ഇതിൽ 25 പുതുതായി വരുന്നവർക്കാകും. 10 എണ്ണം റീ ടെസ്റ്റ്. വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട അഞ്ച് പേരെയും പരിഗണിക്കും. ഈ വിഭാഗത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ ലേണേഴ്സ് ലൈസൻസിൻറെ കാലാവധി തീരാനുള്ള അ‍ഞ്ച് പേരെ പരിഗണിക്കും.

15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തോടായിരുന്നു യൂണിയനുകളുടെ ശക്തമായ എതിർപ്പ്. അതിന് 6 മാസത്തെ സാവകാശം നൽകും. ആദ്യം റോഡ് ടെസ്റ്റാകും പിന്നീടാകും എച്ച് എടുക്കേണ്ടി വരിക. പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നൽകും. വാഹനങ്ങളിൽ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ഉണ്ടാകും. ഭരണാനുകൂല സംഘടന ശക്തമായ സമരത്തിന് നേതൃത്വം നൽകിയത് സർക്കാറിന സമ്മർദ്ദത്തിലാക്കിയിരുന്നു. സിപിഎമ്മിന്‍റെ ഇടപെടലും ഇളവിന് കാരണമാണ്. ഇന്നും സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും സമരമായിരുന്നു. പുതിയ നിർദ്ദേശത്തോട് സി ഐ ടി യുവിന് പൂർണ്ണയോജിപ്പില്ലെന്നാണ് വിവരം. പ്രതിദിന ലൈസൻസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് ആവശ്യം. പക്ഷെ ഗതാഗതവകുപ്പ് അയഞ്ഞ സാഹചര്യത്തിൽ തൽക്കാലം സമരം നിർത്താനിടയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group