Join News @ Iritty Whats App Group

കുര്‍ബാന തര്‍ക്കം വിഴിത്തിരിവിലേക്ക്, മാര്‍ റാഫേല്‍ തട്ടില്‍ ഇന്നു മാര്‍പാപ്പയെ കാണും ; സമവായത്തിനുള്ള സാധ്യത അടഞ്ഞതോടെ മറ്റു പോംവഴികള്‍ വത്തിക്കാന്റെ പരിഗണനയില്‍

കൊച്ചി : സിറോ മലബാര്‍ സഭയിലെ കുര്‍ബാനത്തര്‍ക്കം വിഴിത്തിരിവിലേക്ക്. സിനഡ് കുര്‍ബാനയെ സ്വീകരിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സമവായത്തിനുള്ള സാധ്യത അടഞ്ഞതോടെ മറ്റു പോംവഴികള്‍ വത്തിക്കാന്റെ പരിഗണനയില്‍.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും നാലു സ്ഥിരം സിനഡ് അംഗങ്ങളും ക്യൂരിയ ബിഷപ്പും ഇപ്പോള്‍ വത്തിക്കാനിലുണ്ട്. ഇന്നു രാവിലെ സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. പൗരസ്ത്യ തിരുസംഘം മേധാവിയുമായുമായുള്ള ചര്‍ച്ച കഴിഞ്ഞദിവസം നടന്നു. സഭയിലെ പ്രതിസന്ധികളും സന്ദര്‍ശനവേളയില്‍ ചര്‍ച്ചയാകുമെന്നാണു സൂചന.

ഇതിനിടെ കുര്‍ബാനപ്രശ്‌നത്തിനു പരിഹാരം തേടി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അല്‍മായ പ്രതിനിധികള്‍ മാര്‍പാപ്പയെ കണ്ട് ചര്‍ച്ചനടത്തി. സിനഡ് തീരുമാനങ്ങളിലെ പാളിച്ചകള്‍ വിശദീകരിക്കുന്ന നിവേദനം മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. മാര്‍പാപ്പയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണു ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.

അതേസമയം മറിച്ചൊരു തീരുമാനം വത്തിക്കാനില്‍നിന്ന് ഉണ്ടാകുന്നതു തടയാന്‍ ജനാഭിമുഖ കുര്‍ബാനയെ എതിര്‍ക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്. പൗരസ്ത്യപാരമ്പര്യം വിവരിച്ചുള്ള ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ സര്‍ക്കുലര്‍ ഇന്നലെ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ചു.

മാതൃസഭയുടെ വളര്‍ച്ചയിലും നേട്ടങ്ങളിലും സന്തോഷിക്കുമ്പോഴും ആഭ്യന്തരമായ ചില പ്രശ്‌നങ്ങള്‍ സഭാമാതാവിനെ വേദനിപ്പിക്കുന്നതായി മാര്‍ പെരുന്തോട്ടം സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പൂര്‍വികര്‍ ഏറ്റവും വിലപ്പെട്ട പിതൃസ്വത്തായി കരുതി പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ പരിശ്രമിച്ച പൗരസ്ത്യ സുറിയാനി റീത്തിനെ തള്ളിപ്പറയുകയും സഭയുടെ പരമാധികാരത്തെപ്പോലും ധിക്കരിക്കുകയും ചെയ്യുന്നവര്‍ മാതൃസഭയുടെ വളര്‍ച്ചയിലും സാക്ഷ്യത്തിലും പ്രതിബന്ധമാണ്.

സമുദായത്തിന്റെ പൊതുനന്മയും ഭാവിയും കണക്കിലെടുക്കാതെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്ന സഭാമക്കളും നിസംഗതാ മനോഭാവവും സഭയുടെയും സമുദായത്തിന്റെയും ഭാവിയെ ഇരുളടഞ്ഞതാക്കുന്നുവെന്നും 20 നു നടക്കുന്ന 138- ാമത് അതിരൂപതാ ദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സര്‍ക്കുലറിലുണ്ട്. മൂന്നു നൂറ്റാണ്ടോളം പൗരസ്ത്യ സുറിയാനി റീത്തുകാരായ മാര്‍ത്തോമാ നസ്രാണികള്‍ക്കു പാശ്ചാത്യ ലത്തീന്‍ ഭരണത്തിന്‍കീഴില്‍ കഴിയേണ്ടിവന്നു.

ഇക്കാലത്തു മാര്‍ത്തോമാ നസ്രാണികളെയും ലത്തീന്‍സഭയുടെ ഒരു ഭാഗമെന്നപോലെ അധികാരികള്‍ കരുതിപ്പോന്നു. അതിനാല്‍ സഭയ്ക്കു സ്വന്തം തനിമയിലും വ്യക്തിത്വത്തിലും വളര്‍ന്നുവികസിക്കാനായില്ല. സഭയുടെ വ്യക്തിത്വത്തിന്റെ മുഖ്യഘടകങ്ങളായ ആരാധനാക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം ഇവയിലെല്ലാം ലത്തീന്‍സഭയോട് അനുരൂപപ്പെടുത്താനുള്ള സമ്മര്‍ദങ്ങള്‍ക്കു മാര്‍ത്തോമാ നസ്രാണിസഭ ഇരയാകേണ്ടിവന്നതായും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ലത്തീന്‍ പൈതൃകം പൂര്‍ണമായി തിരസ്‌കരിച്ചുള്ള തീരുമാനത്തെ എറണാകുളം-അങ്കമാലി അതിരൂപത ശക്തമായി എതിര്‍ക്കുകയാണ്. ജനാഭിമുഖ കുര്‍ബാന അനുവദിക്കാതെയും അതിരൂപതയുടെ കാനോനിക സമിതികളോടൊന്നും ആലോചിച്ചു സമ്മതം വാങ്ങാതെയും അതിരൂപതയുടെ പേരുമാറ്റാനോ സിറോ മലബാര്‍ സഭയുടെ ആസ്ഥാന രൂപതയെന്ന പദവി എടുത്തുകളയാനോ സഭയുടെ ആസ്ഥാനദേവാലയം എറണാകുളത്തുനിന്നു മാറ്റാനോ സമ്മതിക്കില്ലെന്നും വൈദികയോഗം ഏകകണ്‌ഠ്യേന തീരുമാനിച്ചിട്ടുണ്ട്.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തിയപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണു സഭയുടെ പേര് എറണാകുളം-അങ്കമാലി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ സഭയെന്നു മാറ്റിയത്. ആ പേരില്‍ത്തന്നെ സിറോ മലബാര്‍ സഭ അറിയപ്പെടണം. അതു മാറ്റാനുള്ള സിറോ മലബാര്‍ സഭയുടെ തീരുമാനത്തെ കാനോനികമായും കോടതിയിലും നേരിടും. ഇതേക്കുറിച്ചുള്ള എറണാകുളം അതിരൂപതയിലെ വൈദികരുടെ അഭിപ്രായം മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group