Join News @ Iritty Whats App Group

ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം; ഏകമകളുടെ അകാല വേർപാടിൽ വേദനയോടെ മാതാപിതാക്കൾ


കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. ഏക മകളുടെ അകാല വേർപാടിൽ, വേദനയോടെ കഴിയുകയാണ് വന്ദനയുടെ മാതാപിതാക്കൾ. വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിൻ്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. നിലവിൽ കേസിൻ്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്. 90 ദിവസത്തിനുള്ളിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 

കടുത്തുരുത്തിയിലെ വീടിൻ്റെ ഗേറ്റിനു മുന്നിലിന്നുമുണ്ട് ഡോ വന്ദനദാസ് എന്ന് പേരെഴുതിയ ബോർഡ്. സ്റ്റെതസ്കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി വന്ദന ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളെല്ലാം മുറിയിൽ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ടിപ്പോഴും. ഏക മകളുടെ വിയോഗത്തിൻ്റെ ഒരാണ്ടിനിപ്പുറം നൊമ്പരപ്പെടുത്തുന്ന ഈ ഓർമകളാണ് അച്ഛൻ മോഹൻദാസിനും അമ്മ വസന്തകുമാരിയ്ക്കും കൂട്ടായിട്ടുള്ളത്.
 
മകളുടെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലടക്കം നിയമപോരാട്ടം നടത്തിയിരുന്നു മാതാപിതാക്കൾ. എന്നാൽ സിബിഐ അന്വേഷണം അനുവദിച്ചിരുന്നില്ല. ഈ ആവശ്യം നടക്കാതെ പോയതിൽ നിരാശയുണ്ടെങ്കിലും നീതിപീഠത്തിൽ പൂർണ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോവുകയാണ് ഇരുവരും. മാതാപിതാക്കളുടെ മനസിൽ വന്ദനയ്ക്കു മരണമില്ല. മകൾക്കു നേരിടേണ്ടി വന്ന ദുർവിധി ഇനി ഒരാൾക്കും ഉണ്ടാകാതിരിക്കാൻ നിയമ വഴിയിൽ മുന്നോട്ടു നീങ്ങുമെന്ന തീരുമാനത്തിലാണ് ഈ അച്ഛനും അമ്മയും.

കഴിഞ്ഞ വർഷം ഇതേ ദിവസം പുലർച്ചെയാണ് പൊലീസ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്കെത്തിച്ചത്. ചികിത്സക്കിടെ അക്രമാസക്തനായ പ്രതി വന്ദനയെ ഇടിച്ചു താഴെയിട്ട് കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തടയാനെത്തിയ സെക്യൂരിറ്റിക്കും ഗാർഡിനുമെല്ലാം പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പൊലീസിൻ്റെ സുരക്ഷാ വീഴ്ച്ചക്കെതിരെ സംസ്ഥാന വ്യാപകമായി മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രി സുരക്ഷാ നിയമങ്ങൾ സർക്കാർ കർശനമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group