ഇരിട്ടി: ആറളം ഫാമില്‍ സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷന്റെ ഉറപ്പ്. ഫാം പുരധിവാസ മേഖലയിലെ പട്ടിക ജാതി-വർഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ നിയമം പ്രകാരം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്നറിയുന്നതിന് നടത്തിയ സിറ്റിങ്ങിലാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്.
റേഷനിങ് ഇൻപെക്ടറുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിധ്യത്തില്‍ റേഷൻ കടയിലെ സാധനങ്ങള്‍ വാഹനത്തില്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നതിന് റേഷൻ കടയുടമക്ക് കമീഷൻ അനുമതി നല്‍കി. മാസത്തില്‍ ലഭ്യമാകുന്ന 20 കിലോ പുഴുങ്ങലരിയും 10 കിലോ പച്ചരിയും എന്നത് 25 കിലോ പുഴുങ്ങലരിയും അഞ്ച് കിലോ പച്ചരിയുമാക്കി മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് കമീഷൻ താലൂക്ക് സപ്ലൈ ഓഫിസർക്ക് നിർദേശം നല്‍കി. അരിയുടെ ലഭ്യത അനുസരിച്ച അടുത്തമാസം മുതല്‍ ഇത് പരിഗണിക്കാമെന്ന് സപ്ലൈ ഓഫിസർ പ്രദേശവാസികളെ അറിയിച്ചു. സ്‌കൂളില്‍നിന്ന് കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വ്യത്തിയും ഉറപ്പാക്കാൻ അമ്മമാർ സ്‌കൂളിലെത്തി കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും കമീഷൻ നിർദേശിച്ചു. കമീഷൻ ചെയർ പേഴ്‌സൻ അഡ്വ. പി.വസന്തം, കമീഷൻ അംഗങ്ങളായ അഡ്വ. സബീദ ബീഗം, വി. രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
ചെയർമാനും അംഗങ്ങളും റേഷൻ കടയില്‍ പരിശോധന നടത്തുകയും മേഖലയിലെ വീടുകളും അംഗൻവാടികളും സന്ദർശിക്കുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫിസർ എം. സുനില്‍കുമാർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ ഷൈജു റേഷനിങ് ഇൻസ്‌പെക്ടർമാരായ എം. അനൂപ് കുമാർ, കെ.ഇ. ജഷിത്ത്, പി.ആർ. വിനോദ്കുമാർ, പി. വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.
Post a Comment