Join News @ Iritty Whats App Group

‘അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിക്കാനിടയായത് ആശുപത്രിയുടെ ഗുരുതര പിഴവ്’; എടപ്പാള്‍ ഹോസ്പിറ്റലിന് 50 ലക്ഷം പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ


അംഗവൈകല്യങ്ങളോടെ ആൺകുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് ചികിത്സ നടത്തിയ ആശുപത്രിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം ആസ്ഥാനമായ എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിനോടാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചത്. 50 ലക്ഷം രൂപയാണ് ആശുപത്രി നഷ്ടപരിഹാരമായി നൽകേണ്ടത്. അംഗവൈകല്യങ്ങളോടെ കുഞ്ഞ് ജനിക്കാനിടയായത് ആശുപത്രിയുടെ ഗുരുതര പിഴവെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

കാസർകോട് സ്വദേശിയായ യുവതിയാണ് ചികിത്സയ്ക്കായി 2006ൽ ആശുപത്രിയെ സമീപിച്ചത്. ഇവരുടെ ആദ്യ രണ്ട് പ്രസവങ്ങളിലെ കുഞ്ഞുങ്ങൾ ഡൗൺ സിൻഡ്രോം ബാധിച്ച് മരിച്ചിരുന്നു. സിസേറിയനിലൂടെയാണ് ഈ രണ്ട് പ്രസവങ്ങളും നടന്നത്. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ 2006ൽ ഇവർ എടപ്പാൾ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി എത്തുകയായിരുന്നു.

മൂന്നാമത്തെ സിസേറിയൻ ശസ്ത്രക്രിയ വളരെ പ്രയാസകരമാകുമെന്ന് പല വിദഗ്ദ്ധ ഡോക്ടർമാരും യുവതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ അവസാന ശ്രമമെന്ന നിലയിലാണ് എടപ്പാൾ ആശുപത്രിയെ സമീപിച്ചത്. ചികിത്സക്കായി ആശുപത്രിയിലെ മുതിർന്ന കൺസൾട്ടന്റ് ഡോ. മുകുന്ദൻ മേനോനെയാണ് സമീപിച്ചത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം തുടക്കത്തിൽ ക്രോമസോം അനാലിസിസ് ടെസ്റ്റ് നടത്തിയപ്പോൾ അപാകതകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. ഡോ. മുകുന്ദൻ മേനോന്‍റെ നിർദ്ദേശ പ്രകാരം യുവതി വീണ്ടും ഗർഭം ധരിച്ചു. ഗർഭാവസ്ഥയുടെ ഓരോ ഘട്ടങ്ങളിലും ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള പരിശോധനകളും സ്കാനിംഗുകളുമെല്ലാം നടത്തിയിരുന്നു. ആ ഘട്ടത്തിലൊന്നും തന്നെ ഗർഭസ്ഥ ശിശുവിന് യാതൊരു കുഴപ്പമില്ലെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചത്.

യുവതി ഗർഭം ധരിച്ചതിന്‍റെ 35-ാം ആഴ്ചയിൽ നടത്തിയ സ്കാനിംഗിൽ പോലും കുട്ടിക്ക് എന്തെങ്കിലും അംഗവൈകല്യമോ, അനാരോഗ്യമോ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ 2007 ഏപ്രിൽ 13 ജനിച്ച കുഞ്ഞിന് കൈ കാലുകൾ ഇല്ലാത്ത അവസ്ഥയായിരുന്നു. ചികിത്സയുടെ തുടക്കത്തിൽത്തന്നെ കുഞ്ഞിന്‍റെ വൈകല്യങ്ങൾ കണ്ടെത്തിയിരുന്നെങ്കിൽ ഗർഭം അലസിപ്പിക്കാൻ കഴിയുമായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ചികിത്സാ വിവരങ്ങളാണ് ഓരോ ഘട്ടത്തിലും ആശുപത്രി അധികൃതർ നല്കിയിരുന്നതെന്ന് യുവതി കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ നഷ്ടപരിഹാരം നൽകാമെന്നൊക്കെ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സർക്കാർ ഡോക്ടർമാരും മറ്റ് വിദഗ്ധരും ഉൾപ്പടെ കമ്മീഷൻ നിയോഗിച്ച മെഡിക്കൽ ബോർഡാണ് ചികിത്സയിലെ അപാകതകൾ കണ്ടെത്തിയത്. ഗർഭാവസ്ഥയുടെ 25-ാം ആഴ്ചയിൽ നടത്തുന്ന അൾട്രാസൗണ്ട് സ്കാനിംഗിൽ ശിശുവിന് എന്തെങ്കിലും അംഗവൈകല്യമോ, ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ കണ്ടെത്താമെന്നാണ് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് സുരേന്ദ്ര മോഹൻ പ്രസിഡന്റായ കമ്മീഷനാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group