Join News @ Iritty Whats App Group

ബെംഗളൂരുവിലെ 3 പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തേക്ക്, പരിശോധന


ബെം​ഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് ഇന്ന് ബോംബ് ഭീഷണി എത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും ബെം​ഗളൂരുവിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലുൾപ്പെടെ പരിശോധന നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ദി ഒട്ടേര ഹോട്ടലിലേക്ക് മെയിൽ എത്തിയത്. ജീവനക്കാർ ഇമെയിൽ കണ്ടയുടനെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഹോട്ടൽ പരിസരത്തെത്തി പരിശോധിച്ചു വരികയാണ്. അതേസമയം, ഇതൊരു വ്യാജ ഇമെയിലാണെന്നും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ മെയിൽ അയച്ചയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ പറഞ്ഞു. 

ബെംഗളൂരു അർബൻ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്ന ഇമെയിൽ സന്ദേശം ലഭിച്ച് ആഴ്ച്ചകൾക്ക് ശേഷമാണ് മറ്റൊരു ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്. സ്‌കൂളിലെ ഡെസ്‌കിനും ബെഞ്ചിനും താഴെ സ്ഫോടക വസ്തുക്കൾ ഉണ്ടെന്നായിരുന്നു സന്ദേശം. ഹുളിമംഗലയിലെ ട്രീമിസ് സ്‌കൂളിലെ പ്രിൻസിപ്പലിനാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടർന്ന് സ്കൂളിൽ മൂന്ന് മണിക്കൂർ നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group