ചെന്നൈ: മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് 28 കാരനായ പ്രവീണ്‍ കുമാറിന്‍റെ അന്ത്യം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രവീണ്‍ അടുത്തകാലത്തായി വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പ്രവീണ്‍. ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികില്‍സയില്‍ കഴിയവെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്.
പ്രവീണിന്‍റെ ആരോഗ്യ പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്. 2021ല്‍ നിര്‍മ്മിച്ച ചിത്രം നിയമ പ്രശ്നങ്ങളാല്‍ ചിത്രം തീയറ്ററില്‍ റിലീസ് ആയിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം ഇറങ്ങി. ചിത്രത്തിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post a Comment