തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ട ആംബുലൻസുകളുടെ കണക്കുമായി എംവിഡി. 2023 വർഷത്തിൽ ഉണ്ടായ റോഡപകടങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ 150 ആംബുലൻസുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കണക്കുകൾ. അതിൽ 29 പേർ മരണപ്പെടുകയും 104 പേർക്ക് ഗുരുതരമായത് ഉൾപ്പെടെ 180 പേർക്ക് പരിക്കേറ്റു. ഇത് ഭയപ്പെടുത്തുന്ന കണക്കാണ്. ജീവൻ രക്ഷാ വാഹനങ്ങൾ കാരണം ജീവൻ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടതുണ്ടെന്നും എംവിഡി പറയുന്നു.
സാധാരണയായി താഴെ പറയുന്ന സമയങ്ങളിലാണ് ആംബുലൻസിനെ ആശ്രയിക്കേണ്ടി വരുന്നത്
1. കിടപ്പ് രോഗികളെ / പ്രായമായവരെ ആശുപത്രികളിലെത്തിക്കാൻ
2. ചില രോഗികളെ സ്കാനിങ്ങ് പോലുള്ള പരിശോധനയ്ക്ക് കൊണ്ടുപോകാൻ
3. ഒരു ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി ഡിസ്ചാർജ് വാങ്ങി കൊണ്ടുപോകാൻ
4. ചെറിയ വാഹന അപകടങ്ങളിൽ ഗുരുതരമല്ലാത്ത പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
5. വളരെ വലിയ അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയവരെ ആശുപത്രിയിലെത്തിക്കാൻ
6. അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു വലിയ ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാൻ .
ഇവയിൽ അവസാനം സൂചിപ്പിച്ച രണ്ടു കാര്യങ്ങൾക്കൊഴികെ വളരെ പെട്ടെന്ന് എത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അവസാനം പറഞ്ഞ രണ്ടു അവസരത്തിൽ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി മാത്രമേ വേഗപരിധി മറികടക്കാനും വൺവേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നുമെല്ലാം വാഹനമോടിക്കാവൂ. കൂടാതെ മൊബൈൽ സംസാരിച്ചും ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും നാവിഗേഷൻ സംവിധാനത്തിൽ കൂടെ കൂടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിച്ചാൽ വലിയ ദുരന്തത്തിലേക്ക് ചെന്നെത്തും എന്നു മനസിലാക്കണമെന്ന് എംവിഡി ഓര്‍മ്മിപ്പിച്ചു. ഒരു ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചലിൽ അനേകമാളുകളുടെ ജീവന് ഭീഷണിയാകാതിരിക്കാനുള്ള ഉത്തരവാദിത്തം എമർജൻസി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കുണ്ട്.
എന്താണ് എമർജൻസി വാഹനങ്ങൾ?
മനുഷ്യജീവൻ രക്ഷിക്കുന്നതോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ നാശമുണ്ടാക്കുന്നതിനെ തടയുന്നതോ ഒരു കുറ്റം നടക്കുന്നത് തടയുന്നതോ, തീ കെടുത്തുന്നതോ, ഒരു അവശ്യ സേവനത്തിന് നാശമുണ്ടാക്കുന്നത് തടയുന്നതോ പോലുള്ള അത്യാവശ്യ ഘട്ടത്തിൽ റോഡിലോടേണ്ട പ്രത്യേകതരം പരിഗണനകൾ നിയമപരമായി നൽകേണ്ട വാഹനങ്ങളാണ് എമർജൻസി വാഹനങ്ങൾ .
മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017ൽ കൃത്യമായി ഇതിനു ലഭിക്കേണ്ട മുൻഗണനകളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് ഫ്ലാഷറോടുകൂടിയുള്ള വിവിധ നിറത്തിലുള്ള ലൈറ്റ് പിടിപ്പിച്ചിട്ടുണ്ടാവും. അതു കൂട്ടാതെ വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്ന ഹോൺ (സൈറൻ) ഇതിനുണ്ടാവും.
എമർജൻസി ഡൂട്ടി സമയത്ത ഇവ രണ്ടും പ്രവർത്തിപ്പിച്ചിരിക്കണം. എന്തെങ്കിലും കാരണത്താൽ ഇവയെ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും ശ്രദ്ധിക്കപ്പെടാനാണ് സൈറൻ മുഴക്കണം എന്ന് പറയുന്നത്. ഇത്തരം വാഹനങ്ങളുടെ ശബ്ദമോ വെളിച്ചമോ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സെക്കറ്ന്റുകൾക്കകം തടസം കൂട്ടാതെ കടത്തിവിടാനായി തന്റെ വാഹനം വശത്തിലേക്ക് മാറ്റേണ്ടത് നിയമപരമായി ഓരോ ഡ്രൈവർമാരുടെയും കടമയാണ്. ആവശ്യമെങ്കിൽ നിറുത്തുകയും അടിയന്തിര വാഹനം കടന്നു പോകും വരെ ആ നിറുത്തിയിട്ട സ്ഥലത്ത് തന്നെ തുടരുകയും ചെയ്യേണ്ടതാണ്.
ഇത്തരം വാഹനങ്ങൾക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോ ടെ യും മുൻകരുതലോടെയും - ചുവന്ന ലൈറ്റ് മുറിച്ചുകടക്കാവുന്നതാണ്, പറഞ്ഞിരിക്കുന്ന വേഗത പരിധി മറികടക്കാവുന്നതാണ്., ഹൈവേ ഷോൾഡറിലൂടെ ഓടിക്കാവുന്നതാണ്, നോ എൻടി അല്ലെങ്കിൽ വൺവേ റോഡുകളിൽ ഇരു ദിശകളിലും ഓടിക്കാവുന്നതാണ്.
ഒരു കാരണവശാലും ഇവരുടെ യാത്ര മുതലെടുത്ത് കൊണ്ട് പിന്തുടർന്നു പോകരുത്. ഇവയുമായി ഏറ്റവും കുറഞ്ഞത് 50 മീറ്റർ അകലമെങ്കിലും പാലിക്കേണ്ടതാണ്.
താഴെ പറയുന്ന ക്രമത്തിലാണ് നിയമത്തിൽ മുൻഗണന നൽകിയിട്ടുള്ളത്
1. ഫയർ ഫോർസ് വാഹനങ്ങൾ
2. ആംബുലൻസ്
3. പൊലീസ് വാഹനം
4. വെള്ളം വൈദ്യുതി പൊതുഗതാഗതം ഇതുപോലുള്ള പൊതുസേവനങ്ങളുടെ അറ്റകുറ്റപണികൾ പോലുള്ള അടിയന്തിര ഘട്ടം തരണം ചെയ്യാനുള്ള വാഹനമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും വാഹനം ( സാൽവേജ് വാഹനങ്ങൾ ) ഇതിൽ നിയമപരമായി രണ്ടാമത് മുൻഗണന ഉള്ള വാഹനമാണ് ആംബുലൻസ്.
Post a Comment