ഇരിട്ടി: ഇരിട്ടിയിൽ പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററി മോഷണം പോയി. ചൊവ്വാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് സ്റ്റേഷന്റെ പരിസരത്ത് നിർത്തിയിട്ടതായിരുന്നു ബസ്. ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ ആറളം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ്. പതിവുപോലെ രാവിലത്തെ ഓട്ടത്തിനായി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണറിയുന്നത്. ബസിന്റെ ബാറ്ററിയില്ല. പൊലീസിന്റെ ഏരിയയിൽ കയറി ഒരു മോഷണം. ബസിന്റെ സുരക്ഷയ്ക്കായാണ് പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടതെന്ന് അധികൃതർ പറയുന്നു. പക്ഷേ കിട്ടിയത് എട്ടിന്റെ പണി തന്നെ. ബസിന്റെ ബാറ്ററി കഴിഞ്ഞ ദിവസം രാത്രി കള്ളൻ കൊണ്ടുപോയി.
കെഎസ്ആർടിസി അധികൃതർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. രണ്ട് മാസം മുൻപ് ഇരിട്ടി പൊലീസ് സ്റ്റേഷനടുത്തുള്ള മിൽമ ബൂത്തിലും കള്ളൻ കയറിയിരുന്നു. സോഡ പൊട്ടിച്ച് കുടിച്ച് 2000 രൂപയുമായാണ് അന്ന് കള്ളൻ മടങ്ങിയത്. ആ കള്ളനെ ഇതുവരെ പിടികൂടിയിട്ടുമില്ല.
Post a Comment