Join News @ Iritty Whats App Group

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല ; ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുംവിധം നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ്


ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യത ഹനിക്കുംവിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു നീക്കമെങ്കില്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നു വാട്ട്‌സ്ആപ്പ്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന കേന്ദ്രനിയമത്തിലെ ചട്ടങ്ങള്‍ക്കെതിരേ വാട്ട്‌സ്ആപ്പും മാതൃകമ്പനിയായ മെറ്റയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെയായിരുന്നു 'ഭീഷണി'.

സാമൂഹിക സേവനദാതാക്കള്‍ക്കായുള്ള 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ ചട്ടം നാലി (രണ്ട്) നെതിരേയാണ് വാട്ട്‌സ്ആപ്പ് കോടതിയിലെത്തിയത്. സന്ദേശങ്ങള്‍ സുരക്ഷിതമാക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നീക്കണമെന്നതാണ് ആവശ്യമെങ്കില്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടിവരുമെന്നാണ് വാട്ട്‌സ്ആപ്പ് അറിയിച്ചത്. സന്ദേശം അയയ്ക്കുന്നവര്‍ക്കും സ്വീകര്‍ത്താവിനും മാത്രം ഉള്ളടക്കം വ്യക്തമാകുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യതാസംരക്ഷണ സംവിധാനങ്ങളാണ് വാട്ട്‌സ്ആപ്പിന്റെ ഉപയോക്താക്കള്‍ക്കിടയിലെ ആകര്‍ഷകത്വത്തിന് ആധാരം. ഉള്ളടക്കവും ഉറവിടവും ചട്ടങ്ങളിലൂടെ വെളിപ്പെടുത്തേണ്ട സാഹചര്യം ഉരുത്തിരിയുന്നത് ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്കാണു നയിക്കുകയെന്നും വാട്ട്‌സ്ആപ്പിനായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതരരാജ്യങ്ങളില്‍ സമാനവിഷയം അഭിമുഖീകരിക്കുന്നുണ്ടോയെന്ന് ഈ ഘട്ടത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ലോകത്തൊരിടത്തും, ബ്രസീലില്‍പ്പോലും സമാനമായ ചട്ടങ്ങളില്ലെന്നായിരുന്നു വാട്ട്‌സ്ആപ്പിന്റെ മറുപടി.

ഏത് സന്ദേശത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. അതിനാല്‍ കോടിക്കണക്കിനു സന്ദേശങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ട സാഹചര്യവുമുണ്ടാകും. അറിയാനുള്ള സര്‍ക്കാരിന്റെ അവകാശങ്ങളെ അംഗീകരിക്കുന്നു. ഒപ്പം സ്വകാര്യത മാനിക്കുകയും വേണം. രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തി ഒരു ഭീകരന്‍ വാട്ട്‌സ്ആപ്പിലൂടെ സന്ദേശമയച്ചാല്‍ അതു കണ്ടെത്തുകതന്നെവേണം.

എന്നാല്‍, അതിനായി സ്വകാര്യത ലംഘിക്കപ്പെടുന്നത് കമ്പനിയെ സംബന്ധിച്ച് അംഗീകരിക്കാനാകില്ല. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. കേസില്‍ അടുത്തവാദം ഓഗസ്റ്റ് 14 നു നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group