Join News @ Iritty Whats App Group

കളമൊരുക്കിയത് നിഗൂഡസംഘം ; അരുണാചലിലെ ദുരൂഹ മരണത്തില്‍ നാലാമനെക്കുറിച്ച് സൂചന ലഭിച്ചു ; ആര്യ ബ്‌ളാക്ക് മാജിക്കിന്റെ അടിമ, കൗണ്‍സിലിംഗ് നല്‍ികയിരുന്നതായി വീട്ടുകാര്‍



തിരുവനന്തപുരം: അരുണാചലില്‍ ദമ്പതികളടക്കം മൂന്നു മലയാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. നവീനെയും കൂട്ടരെയും മരണത്തിലേക്കു നയിച്ച നാലാമനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. കോട്ടയം മീനടം സ്വദേശി നവീന്‍, ഭാര്യ ദേവി, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ആര്യ എന്നിവരാണു ദുരൂഹസഹചര്യത്തില്‍ മരിച്ചത്.

നവീനിനെ സാത്താന്‍ സേവയ്ക്കു പ്രേരിപ്പിച്ച നിഗൂഢ സംഘമുണ്ടെന്ന സംശയമാണു ബലപ്പെടുന്നത്. ദേവിയുടെ ബന്ധുക്കളില്‍നിന്നാണ് സുപ്രധാന മൊഴികള്‍ പോലീസിന് കിട്ടിയത്. ഇതു വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. തെളിവെടുപ്പിനിടെ വിചിത്രമായ കല്ലുകളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ആര്യയുടെ വീട്ടില്‍നിന്നും പുതുതായി ഒന്നും സംഘത്തിന് കിട്ടിയതുമില്ല. ആര്യ, ബ്ലാക് മാജിക്ക് പോലുള്ള കാര്യങ്ങളുടെ അടിമയായിരുന്നുവെന്നു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. മനോരോഗ വിദഗ്ധന്റെ കൗണ്‍സിലിംഗിലൂടെ ആര്യയെ മാറ്റിയെടുത്തതാണ്. പിന്നീടും സംഘം ചതിയിലൂടെ കൊണ്ടു പോയി എന്നാണ് ആര്യയുടെ ബന്ധുക്കളുടെ വിശദീകരണം.

ആര്യയെ കാണാതായെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത് 27നാണ്. ആര്യയുടെ വിവാഹം അടുത്ത മാസമാണെന്നും അതിനാല്‍ രഹസ്യമായ അന്വേഷണം നടത്തണമെന്നും പോലീസിനോട് അടുത്ത ബന്ധു ആവശ്യപ്പെട്ടിരുന്നു. ദേവിയ്ക്കും നവീനിനുമൊപ്പം ആര്യ കാണുമെന്ന സന്ദേശവും അവര്‍ പോലീസിന് നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരും വടക്കുകിഴക്കന്‍ മേഖലയിലുണ്ടെന്നു വ്യക്തമായി. ഇതിനു പിന്നാലെയാണു മരണവാര്‍ത്ത എത്തിയത്.

അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ആര്യ, നവീനും ദേവിക്കുമൊപ്പം അരുണാചലിലേക്ക് പോയത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3,748 കിലോമീറ്റര്‍ അകലെയുള്ള സിറോ എന്ന സ്ഥലം മൂവര്‍ സംഘം തെരഞ്ഞെടുത്തു എന്നതില്‍ വ്യക്തതയില്ല. ആര്യയുടെ വിവാഹവുമായി ഇതിന് ബന്ധമുണ്ടെന്നാണു സംശയം. രഹസ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ മറ്റാരോ ഒരുക്കിയ ഗൂഢാലോചനയില്‍ മൂവരും വീണതാകാമെന്നു പോലീസ് സംശയിക്കുന്നു. കേസില്‍ നാലാമനുണ്ടെന്ന സൂചനകള്‍ ബന്ധുക്കളില്‍നിന്ന് തന്നെ കിട്ടിയതോടെ അന്വേഷണം അതിശക്തമായി മുമ്പോട്ട് കൊണ്ടു പോകാനാണ് തീരുമാനം. ലാപ്‌ടോപ്പിലേയും മൊബൈല്‍ ഫോണിലെയും ഫോറന്‍സിക് പരിശോധന നിര്‍ണായകമാകും. ഇനിയൊരു ഫോണ്‍ കൂടി കിട്ടാനുണ്ട്. അതെവിടെ പോയി എന്നതും പോലീസിന് മുമ്പില്‍ ചോദ്യചിഹ്‌നമാണ്.

ആര്യയുമായി ദേവി മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് ആ വീട്ടില്‍നിന്നും പോലീസിനു ലഭിക്കുന്ന സൂചന. ആര്യയുടെ അമ്മ ആകെ തളര്‍ന്ന അവസ്ഥയിലാണ്. അതുകൊണ്ട് അവരില്‍നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. അച്ഛനോട് കഴിഞ്ഞ ദിവസവും പോലീസ് സംസാരിച്ചിരുന്നു. ആര്യയുടെ മുറിയും പരിശോധിച്ചു.

ഇതില്‍നിന്നാണ് ആര്യക്കു കൗണ്‍സിലിങ് നല്‍കിയിരുന്നതായി മനസിലാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വെള്ളറടയ്ക്ക് അടുത്ത് നാറാണിയിലാണ് ആര്യയുടെ അമ്മ വീട്. ഇവിടേയും കുറച്ചു കാലം ഈ സംഘത്തിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ആര്യയെ താമസിപ്പിച്ചിരുന്നു. ഇതെല്ലാം ഈ കുടുംബത്തിന് സാത്താന്‍ സേവയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ആര്യയെ ചതിയിലൂടെ സംഘത്തില്‍ ചേര്‍ത്തതാണെന്ന് ദേവിയുടെ അടുത്ത ബന്ധവും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിലുള്ളവരുമായി ഫോണിലൂടെ ദേവി ആശയ വിനിമയം നടത്തിയിരുന്നു. എല്ലാത്തിനും നവീനിന്റെ അറിവും സമ്മതവുമുണ്ടായിരുന്നുവെന്നും മൊഴി കിട്ടി. ഇതോടെ നവീനാണോ ദേവിയാണോ ആദ്യം ഈ കെണിയില്‍ വീണതെന്ന സംശയവും സജീവമാണ്. എന്നാല്‍ നവീന്‍ തന്നെയാണ് ആദ്യ കണ്ണിയെന്നാണു പോലീസിന്റെ നിഗമനം. വീട്ടുകാര്‍ ഇവരെ താക്കീതും ചെയ്തിരുന്നതായി സൂചനയുണ്ട്.

മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയ അരുണാചല്‍ പ്രദേശിലെ സിറോ രാജ്യാതിര്‍ത്തിയിലുള്ള സ്ഥലമാണ്. ഹണിമൂണ്‍വാലി എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആരെങ്കിലും നിര്‍ദേശിച്ചിട്ടാണോ ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും അന്വേഷിക്കുന്നുണ്ട്. 17 നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടില്‍നിന്നിറങ്ങുന്നത്. 27 ന് ആര്യയെയും കൂട്ടി അരുണാചലിലേക്ക് പോയി.

പത്ത് ദിവസം എടുത്തത് മരിക്കാനുള്ള തയ്യാറെടുപ്പിനാകാം എന്നാണ് കരുതുന്നത്. ഹോട്ടല്‍ മുറിയില്‍ നിന്ന് രണ്ട് ബ്ലേഡുകള്‍ ലഭിച്ചിരുന്നു. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തതാകാം എന്ന സംശയമാണ് ഇറ്റാനഗര്‍ പോലീസ് പറയുന്നത്. ഇതിന് പിന്നില്‍ നാലാമന്റെ ഇടപെടലാണ് കേരളാ പോലീസ് അന്വേഷിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group