Join News @ Iritty Whats App Group

'ഇത് കേരളമാണ്, നടപ്പാകാൻ പോകുന്നില്ല, ചരിത്രം ചികഞ്ഞുപോയാൽ ഗണപതിവട്ടത്തിലും നിൽക്കില്ല'; പ്രതികരണങ്ങൾ

വയനാട്: താൻ ജയിച്ചാൽ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍റെ പരാമർശത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും. ആളുകളെ തമ്മിലടിപ്പിക്കാനാണ് നീക്കമെന്ന് സിപിഎം പ്രതികരിച്ചു. ഇത് കേരളമാണ് എന്നായിരുന്നു മുസ്ലിം ലീഗിന്‍റെ പ്രതികരണം. സുരേന്ദ്രന് എന്തും പറയാം, ജയിക്കാൻ പോകുന്നില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി. 

വയനാട്ടിലെ ജനം ആഗ്രഹിക്കാത്ത കാര്യമാണ് സുൽത്താൻ ബത്തേരിയുടെ പേരുമാറ്റമെന്ന് സിപിഎം നേതാവ് സി കെ ശശീന്ദ്രൻ പറഞ്ഞു. ഇത് കേരളമാണ് എന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതൊന്നും നടപ്പാകാൻ സാധ്യതയില്ലെന്ന് നിങ്ങൾക്ക് തന്നെ അറിയാം. സുരേന്ദ്രൻ ജയിക്കാനും സാധ്യതയില്ല, പേര് മാറ്റാനും സാധ്യതയില്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ ഇല്ലാത്തത് കൊണ്ടാണ് സുരേന്ദ്രൻ വിവാദം ഉണ്ടാക്കുന്നതെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്‌ പ്രതികരിച്ചു. ബത്തേരിക്കാർക്ക് പേര് മാറ്റണം എന്നില്ല. ഇന്നാട്ടുകാരൻ അല്ലാത്ത സുരേന്ദ്രൻ അത് മോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി എന്ന പേരിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പ്രതികരിച്ചു. സാംസ്കാരിക അത്യാപത്തിന്‍റെ സൂചനയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ചരിത്രം ചികഞ്ഞുപോയാൽ ഗണപതിവട്ടത്തിലും നിൽക്കില്ല എന്നായിരുന്നു സാഹിത്യകാരൻ ഒ കെ ജോണിയുടെ പ്രതികരണം. ഇപ്പറയുന്ന സ്ഥലത്തിന്‍റെ നമുക്കറിയാവുന്ന ഏറ്റവും പഴയ പേര് കന്നഡയിലാണെന്നും അദ്ദേഹം പറഞ്ഞു.  

വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇന്ന് താമരശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സുരേന്ദ്രന്‍ നിലപാട് ആവര്‍ത്തിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group