തിരുവനന്തപുരം: സീറ്റൊഴിവുണ്ടെങ്കിൽ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിർത്തും, യാത്രക്കാർക്ക് ധൈര്യമായി കൈകാണിക്കാം. ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പർക്ലാസ് ബസുകൾ യാത്രചെയ്യേണ്ടതില്ലെന്നാണ് ജീവനക്കാർക്കുള്ള നിർദേശം. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിർത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളിൽ മാത്രമാണ് സൂപ്പർക്ലാസ് ബസുകൾ നിർത്തിയിരുന്നത്.
സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിച്ചുവേണം വാഹനം നിർത്തേണ്ടതെന്നും ഡ്രൈവർമാർക്കുള്ള കർശന നിർദേശത്തിൽ പറയുന്നു. വഴിയിൽനിന്ന് കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ സി.എം.ഡി. പ്രമോജ് ശങ്കർ ഓർമിപ്പിച്ചു.
സ്റ്റാൻഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ ബസ് നിർത്തിക്കൊടുക്കണം. സ്ത്രീയാത്രികർക്ക് രാത്രി ബസുകളിൽ നൽകുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിർത്തിക്കൊടുക്കണമെന്നും നിർദ്ദേശമുണ്ട്
ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ നിലവിലുള്ള ബ്രീത്ത് അനലൈസർ പരിശോധന കർശനമാക്കും. ഇപ്പോൾ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകൾ ഒഴികെയുള്ള ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക് ഡ്യൂട്ടി തുടങ്ങും മുമ്പ് പരിശോധന നടത്താനാണ് തീരുമാനം . ദീർഘദൂര ബസുകൾ യാത്രാവേളയിൽ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളുടെ പട്ടിക മുൻകൂർ പ്രസിദ്ധീകരിക്കും.വൃത്തിയുള്ളതും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ ഉള്ളതുമായ ഹോട്ടലുകളിൽമാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി
Post a Comment