ഇരിട്ടി: എടൂരിൽ കിണറിന്റെ അടിഭാഗം ചെങ്കൽ ഉപയോഗിച്ച് കെട്ടുന്നതിനിടെ അപകടം. ചെങ്കൽ കിണറിലേക്ക് ഇറക്കുന്നതിനിടെ ചെങ്കൽ കിണറിലേക്ക് ഇറക്കാനായി കിണറിന് മുകൾഭാഗത്ത് കെട്ടിയ മരത്തടികൾ ഉപയോഗിച്ച തൂക്കും ചെങ്കല്ലും ഇത് ഇറക്കുകയായിരുന്ന തൊഴിലാളിയും ഉൾപ്പെടെ കിണറിലേക്ക് വീണു. കിണറിലേക്ക് വീണ തൊഴിലാളിയും കിണറിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും ഉൾപ്പെടെ നാലുപേർക്ക് സാരമായ പരിക്കേറ്റു. തൊഴിലാളികളും പടിയൂർ സ്വദേശികളുമായ കിണ്ട്യൻ ഹൌസിൽ വിജയൻ, പുതുക്കുളത്ത് പി.കെ. സാബു, ജോസ് മഞ്ഞക്കാലായിൽ, കല്ലുവയൽ സ്വദേശി സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് അതി സാഹസികമായി നാലുപേരെയും പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എടൂർ കോറ റോഡിൽ പായം പഞ്ചായത്തിലെ എട്ടാം വാർഡിൽ പുത്തലത്ത് ഹൌസിൽ പ്രശാന്ത് കുമാറിന്റെ 18 കോൽ താഴ്ചയുള്ള കിണറിന്റെ അടിവശം ചെങ്കൽ കൊണ്ട് കെട്ടുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയത്ത് മൂന്നു തൊഴിലാളികളാണ് കിണറിനകത്ത് തൊഴിലിൽ ഏർപ്പെട്ടിരുന്നത്. കിണറിന് മുകളിൽ കല്ല് കിണറിനകത്തേക്ക് ഇറക്കാനായി മരത്തടികൾ ഉപയോഗിച്ച് കെട്ടിയ തൂക്ക് തകർന്ന് കിണറിലേക്ക് ഇറക്കിക്കൊണ്ടിരുന്ന കല്ലും മുകളിൽ നിന്നും ഇത് ഇറക്കുകയായിരുന്ന വിജയനും കിണറിലേക്ക് വീഴുകയായിരുന്നു . കല്ലും മരത്തടികളുമടക്കം കിണറിലുണ്ടായിരുന്ന തൊഴിലാളികളുടെ തലയിലും ദേഹത്തും പതിച്ചാണ് എല്ലാവർക്കും പരിക്കേറ്റത്. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് കിണറിൽ പരിക്കേറ്റ് കിടക്കുകയായിരുന്ന നാല് തൊഴിലാളികളേയും അതി സാഹസികമായി പുറത്തെടുത്ത് ആംബുലൻസിൽ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ വിജയനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ഓഫീസർ എം. വി. അബ്ദുള്ള, ഫയർ ഓഫീസർമാരായ പി.വി. അനോഗ്, നൗഷാദ്, റോബിൻ, ഷാലോസത്യൻ എന്നിവരും അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നു
Post a Comment