ബെംഗളൂരു: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. ബംഗളൂരുവിലെ ജയനഗർ സ്വദേശിയായ ഗിരീഷ് പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. 35 കാരനായ ക്യാബ് ഡ്രൈവറായ ഇയാൾ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ശാലിനി ഗ്രൗണ്ട് പരിസരത്താണ് സംഭവം. നഗരത്തിലെ ജോലിക്കാരിയായ യുവതി മാർച്ച് 26 നാണ് തൻ്റെ പെൺമക്കളോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങിയത്. ഇരുവരും സൗഹൃദത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ഒന്നാം തിയ്യതി ഇരുവരും ഗിരീഷിൻ്റെ ജന്മദിനവും ആഘോഷിച്ചു. എന്നാൽ പിന്നീട് ബെംഗളൂരുവിലെ ശാലിനി ഗ്രൗണ്ടിൽ വെച്ച് ഗിരീഷ് ഫരീദയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവൾ നിരസിക്കുകയായിരുന്നു. ഇതിൽ രോഷാകുലനായ ഗിരീഷ് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ കത്തി കൊണ്ട് ഒന്നിലധികം തവണ കുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ ജയനഗർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ മുറിവുകളുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗിരീഷും ഫരീദയും കഴിഞ്ഞ 10 വർഷമായി പരസ്‌പരം അറിയാമെന്നും അവർ തമ്മിൽ അടുപ്പത്തിലാണെന്നും ഡിസിപി പറഞ്ഞു. നേരത്തെ തന്നെ വിവാഹം കഴിക്കാൻ അയാൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി നിരസിക്കുകയായിരുന്നു. ഇത് കാരണം ഇവർ തമ്മിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരു പഴക്കച്ചവടക്കാരനിൽ നിന്നും മറ്റ് ആളുകളിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
Post a Comment