മലപ്പുറം: മലപ്പുറം ഊരകം കാങ്കരക്കടവിൽ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെൺമക്കളിൽ ഇളയ മക്കളായ ബുഷ്റ (26), അജ്മല തെസ്‌നി (21) എന്നിവരാണ് ഇന്നലെ പുഴയിൽ മുങ്ങിമരിച്ചത്. 6 മാസം മുൻപ് വിവാഹിതയായ അജ്മല തസ്‌നിയും സഹോദരി ബുഷ്‌റയും ഇന്നലെ രാവിലെയാണ് മൂത്ത സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്. ഇവിടെ നിന്നാണ് അപകടത്തിൽ പെടുന്നതും മരിയ്ക്കുന്നതും.
ഇളയ സഹോദരിമാരും കുട്ടികളും വൈകുന്നേരം നാലരയോടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളികഴിഞ്ഞ് എല്ലാവരും കരയ്ക്ക് കയറിയെങ്കിലും കൂടെ ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരൻ വീണ്ടും പുഴയിലിറങ്ങി. കുട്ടിയെ സഹോദരിമാർ ചേർന്ന് കരക്ക് കയറ്റി. ഇതിനിടെ സഹോദരിമാർ പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ അജ്മല തെസ്നിയെയും ബുഷ്റയേയും കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെച്ച് കരയാൻ തുടങ്ങിയതോടെ ഓടിക്കൂടിയ നാട്ടുകാർ സഹോദരിമാരെ കരയ്ക്കെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരിമാരുടെ ജീവൻ രക്ഷിക്കാനായില്ല. ഉമ്മറിന്റെ വീട്ടിലെ സൽകാരത്തിന്റെ സന്തോഷം മണിക്കൂറുകൾക്കകം ദുഃഖമായി മാറുകയായിരുന്നു. സഹോദരിമാരുടെ വെട്ടുതോട്ടിലെ വീട്ടിലും ഇവരെ വിവാഹം ചെയ്ത് അയച്ച വലിയോറ ഐഷാബാദ്, ഇരിങ്ങല്ലൂർ കുഴിപ്പുറം എന്നിവിടങ്ങളിൽകൂടി വാർത്ത എത്തിയതോടെ നാല് ഗ്രാമങ്ങൾക്കും വേർപാടിന്റെ നൊമ്പരമായി മാറി സഹോദരിമാരുടെ മരണം.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കരയോടടുത്ത് മണലെടുക്കാനായി കുഴിച്ച കുഴികളാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ പതിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങളിൽ. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ പോലും അപകടകരമായ രീതിയിലാണ് കുഴികളുള്ളത്. അതിനാലാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
Post a Comment