Join News @ Iritty Whats App Group

പ്രോട്ടോകോൾ ലംഘിച്ച് കസ്റ്റഡിയിലെടുത്തു; സ്ഥാനാർത്ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മർദിച്ചതായി സ്വതന്ത്രസ്ഥാനാർത്ഥി സന്തോഷ് പുളിക്കൽ


പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കോട്ടയം ലോക്‌സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാർത്ഥി സന്തോഷ് പുളിക്കൽ. സ്ഥാനാർഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മർദിച്ചതായി സന്തോഷ് പുളിക്കൽ ആരോപിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

രാഹുൽ ഗാന്ധിയെ കാണാൻ പോയപ്പോഴാണ് പോലീസ് കയർത്തു സംസാരിക്കുകയും ജീപ്പിൽവെച്ച് തന്നെ മർദിക്കുകയും ചെയ്ത‌തതെന്ന് സന്തോഷ് പറഞ്ഞു. ഒരു കള്ളനെപോലെ കോളറിൽ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയിൽ പൊട്ടിക്കരയുകയായിരുന്നു. ‘ഞാൻ രാഹുൽ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാർട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാർഥി മാത്രമാണ്’ എന്നും സന്തോഷ് പറഞ്ഞു.

രാഹുൽഗാന്ധിയെ കാണാൻ അവിടെ പോയപ്പോൾ അവിടെ നിന്ന പോലീസുകാരോട് വോട്ട് ചോദിച്ചുകഴിഞ്ഞപ്പോൾ അവർ കയർത്ത് സംസാരിക്കുകയായിരുന്നു. ഇവിടെ നിന്ന് വോട്ടുചോദിക്കാൻ പറ്റില്ലെന്ന് പറയുകയും ചെയ്‌തു. കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും സന്തോഷ് പറഞ്ഞു. പിന്നീട് പ്രോട്ടോകോൾ വരെ ലംഘിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഒരു ക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ കോളറിൽ പിടിച്ച് ജീപ്പിലിടിച്ച് കയറ്റുകയും ജീപ്പിൽ വെച്ച് മർദിക്കുകയും ചെയ്തു.

ഒരു സ്ഥാനാർഥിയെ സംരക്ഷിക്കേണ്ടവർ ആരുടേയോ ആജ്ഞാനുവർത്തികളായി നിൽക്കുകയാണ്. സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടും അത് ഗൗനിക്കാതെ, നിന്നെ കാണാൻ സ്ഥാനാർഥിയുടെ ലുക്കൊന്നുമില്ലെന്ന് പറഞ്ഞ് എസ്ഐ കവിളിന് അടിക്കുകയും കുറേ പോലീസുകാർ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സന്തോഷ് പറഞ്ഞു. സ്റ്റേഷനിൽവെച്ച് ഐഡൻറിറ്റി കാർഡ് കാണിച്ചപ്പോഴാണ് താൻ സ്ഥാനാർഥിയാണെന്ന് പോലീസിന് ബോധ്യമായത്. അതിന് മുമ്പ് ക്രമിനലുകളോടെന്നുതുപോലെ ചോദ്യം ചെയ്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ഇനി സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്നും സമൂഹത്തിൽ നന്മകൾ ചെയ്‌തതിൻ്റെ പേരിലാണ് തനിക്ക് ഈ അവഗണനകൾ മുഴുവനെന്നും സന്തോഷ് ഫെയ്‌സ്ബുക്ക്‌ ലൈവിൽ പറയുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് സന്തോഷ്. വൈകാതെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികൊടുക്കുമെന്നും സന്തോഷ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group