Join News @ Iritty Whats App Group

നിർമാണത്തിലെ തടസങ്ങള്‍ നീങ്ങി;കൂട്ടുപുഴയിൽ എയ്ഡ് പോസ്റ്റ് നിർമാണം ആരംഭിച്ചു


രിട്ടി: കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയില്‍ പോലീസിന് സ്ഥിരം എയ്ഡ് പോസ്റ്റ് മഴക്കാലത്തിന് മുൻപ് യാഥ്യാർത്ഥ്യമാകും.നിർമാണത്തിലെ തടസങ്ങള്‍ എല്ലാം നീങ്ങിയതോടെ എയ്ഡ്‌ പോസ്റ്റിന്‍റെ നിർമാണം ഇന്നലെ ആരംഭിച്ചു. ആറുമാസത്തിനുള്ളില്‍ നിർമാണം പൂർത്തീകരിക്കണമെന്നാണ് കരാർ വ്യവസ്ഥ എങ്കിലും മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഭൂമി കൈമാറ്റം സംബന്ധിച്ചും പോലീസ് ആസ്ഥാനത്തുനിന്നുള്ള അനുമതി സബന്ധിച്ചും ഉണ്ടായ താടസങ്ങള്‍ എല്ലാം നീക്കിയാണ് നിർമാണം ആരംഭിച്ചത്.

എയ്ഡ് പോസ്റ്റിന്‍റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിർമാണം വൈകുന്നതിനെതിരേ സേനയ്ക്കുളളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിമർശനം ഉയർന്നിരുന്നു. 

രണ്ടുമാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് ഉദ്ഘാടന സമയത്ത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിരുന്നില്ല.തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലുകളെ തുടർന്നാണ് നിർമാണ പ്രവർത്തി ആരംഭിച്ചത്. 

നിലവിലുള്ള ചെറിയ എയ്ഡ് പോസ്റ്റ് കെട്ടിടം മാറ്റി 320 ചതുര അടിയുള്ള കെട്ടിടമാണ് അതിർത്തിയില്‍ പോലീസിനായി നിർമിക്കുന്നത്. വരാന്ത റസ്റ്റ് റൂം ശുചിമുറി എന്നീ സംവിധാനങ്ങള്‍ ഉണ്ടാകും. സണ്ണി ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കുന്നത്.

അതിർത്തി കടന്നുള്ള മയക്കുമരുന്നുകളുടേയും മറ്റ് നിരോധിത വസ്തുക്കളുടേയും കടത്ത് കൂടിയതോടെ അതിർത്തിയിലെ പരിശോധന 24 മണിക്കൂറാക്കി. ഇരിട്ടി എഎസ്‌പിയുടെ കിഴില്‍ വരുന്ന അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള പോലീസുകാരാണ് ഇവിടെ ഡ്യൂട്ടി ചെയ്യുന്നത് .

കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പായം പഞ്ചായത്തിന്‍റെ അധീനതയിലുള്ള പുഴ പുറമ്ബോക്ക് ഭൂമി വിട്ടു നല്‍കാൻ തയാറായതോടെയാണ് കെട്ടിട നിർമാണത്തിനുള്ള വഴി തുറന്നത്.
ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി തീർക്കുന്ന പ്രദേശം എന്ന നിലയില്‍ കൂട്ടുപുഴയില്‍ മോട്ടോർ വാഹന വകുപ്പും എക്‌സൈസും നേരത്തെ തന്നെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നു.



Post a Comment

Previous Post Next Post
Join Our Whats App Group